Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൌജന്യ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൌജന്യ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൌജന്യ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

Jaisy
|
1 Jun 2018 11:44 PM GMT

ഭക്ഷണത്തില്‍ എലിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിലവിലെ കരാറുകാരനെ ഒഴിവാക്കിയത്

കരാറുകാരന്റെ വീഴ്ചയെ തുടര്‍ന്ന് സൌജന്യ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികളേയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നു. ഭക്ഷണത്തില്‍ എലിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിലവിലെ കരാറുകാരനെ ഒഴിവാക്കിയത്. പുതിയ കരാര്‍ നടപടികള്‍ പൂര്‍ത്തിയായതായും രണ്ടാഴ്ചയ്ക്കുള്ളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്നുമാണ് സാമൂഹിക സുരക്ഷാ മിഷന്റെ വിശദീകരണം.

സാമൂഹിക സുരക്ഷ മിഷന്റെ മൂന്ന് കോടി രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസവും ഉച്ചയ്ക്ക് ചോറും കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണം 2000 പേര്‍ക്ക് സൌജന്യമായി നല്‍കി വന്നിരുന്നത്. ഒരു മാസം മുന്‍പ് ഭക്ഷണത്തില്‍ എലിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതോടെ കരാറുകാരനെ പുറത്താക്കി. ഇതോടെ ഭക്ഷണ വിതരണവും മുടങ്ങി. പകരം ജയിലില്‍ നിന്ന് ചപ്പാത്തി എത്തിച്ച് ഉച്ചയ്ക്ക് നല്‍കിയെങ്കിലും രോഗികളടക്കമുള്ളവര്‍ക്ക് കാര്യമായി പ്രയോജനപ്പെട്ടില്ല. ഇതോടെ നേരത്തെ തന്നെ രാവിലെയും രാത്രിയും സൌജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന സന്നദ്ധസംഘടനകള്‍ ഉച്ചയൂണു കൂടി വിതരണം ചെയ്യാന്‍ താല്‍ക്കാലികമായി സംവിധാനം ഒരുക്കിയത് മാത്രമാണ് രോഗികള്‍ക്ക് ആകെയുള്ള ആശ്വാസം.

പുതിയ കരാര്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി സാമൂഹിക സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ വ്യക്തമാക്കി. പക്ഷേ നിലവിലെ കരാറുകാരനെ കൂടി ടെണ്ടറില്‍ ഉള്‍പ്പെടുത്തണമെന്ന രീതിയിലുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. പുതിയ സാഹചര്യം ഹൈക്കോടതിയെ അറിയിച്ച് കൊണ്ടാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ നിയമ കുരുക്കിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ശക്തമാണ്.

Similar Posts