കെഎം മാണി വിശ്വാസഘാതകനെന്ന് വീക്ഷണം
|കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് കെ.എം.മാണി സ്വന്തം മുഖപത്രമായ പ്രതിഛായയിലെഴുതിയ ലേഖനത്തിനുള്ള രൂക്ഷമായ മറുപടിയാണ് വീക്ഷണം നല്‍കിയിരിക്കുന്നത്.
കെ.എം മാണിയെ വിശ്വാസഘാതകനെന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കര്‍ഷകരെ ഏറ്റവും അധികം ദ്രോഹിച്ചത് കോണ്‍ഗ്രസ് ആണെന്ന കെ.എം.മാണിയുടെ പ്രസ്താവനക്കാണ് വീക്ഷണത്തിന്റെ മറുപടി. രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗംമാണിക്ക് രാഷ്ട്രീയ അല്‍ഷിമേഴ്‌സ് ആണെന്നും ആരോപിക്കുന്നു.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് കെ.എം.മാണി സ്വന്തം മുഖപത്രമായ പ്രതിഛായയിലെഴുതിയ ലേഖനത്തിനുള്ള രൂക്ഷമായ മറുപടിയാണ് വീക്ഷണം നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണെന്ന മാണിയുടെ പരാമര്‍ശം പുതിയ രാഷ്ട്രീയ യജമാനന്മാര്‍ക്ക് സ്തുതി പാടി പ്രീതിസമ്പാദിക്കാനുള്‌ല നീക്കമാണ്.
പത്ത് മന്ത്രിസഭകളില്‍ 9 എണ്ണത്തിലും മന്ത്രീയാവാനും 12 തവണ ബജറ്റ് അവതരിപ്പിക്കാനും അവസരം നല്‍കിയത് യുഡിഎഫാണ്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി മുസ്ലിം ലീഗായിട്ടും മേജര്‍ വകുപ്പുകള്‍ മാണിക്ക് നല്‍കിയത് യുഡിഎഫിലെ സഹജാതസ്‌നേഹം കൊണ്ടായിരുന്നു. ആഭ്യന്തരം, ധനം, റവന്യൂ വകുപ്പുകള്‍ മാണിക്ക് നല്‍കിയത് കേരള കോണ്‍ഗ്രസിന്റെ ശക്തികൊണ്ടല്ല മാണിയുടെ സീനിയോറിറ്റി യോടുള്ള ബഹുമാനം കൊണ്ടായിരുന്നുവെന്നും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു. 86ാം വയസിലെ വൃദ്ധപിതാവിന്റെ പുത്രസ്‌നേഹം മൂലമുള്ള പുതിയ രാഷ്ട്രീയ നിലപാടിനെ മ്ലേച്ഛമായ ഒരു വ്യവഹാരത്തോടെയേ ഉപമിക്കാനാവൂ എന്നാക്ഷേപിച്ചുകൊണ്ടാണ് വീക്ഷണം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.