എം സുകുമാരന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി
|കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രശസ്ത ചെറുകഥാകൃത്തും,നോവലിസ്റ്റുമായ എം സുകുമാരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം തിരുവനന്തപുരത്ത് പിന്നീട് നടക്കും.
കുറച്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.14-ആം തീയതി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. ബന്ധുക്കള്‍ മരണ സമയത്ത് കൂടെയുണ്ടായിരുന്നു. ഗൌരവമുള്ള വിഷയങ്ങളും, ഇടതുപക്ഷ രാഷ്ട്രീയവുമായിരുന്നു എം സുകുമാരന്റെ കൃതികളില്‍ കൂടുതലും.
ശ്രദ്ധേയമായ നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ശേഷക്രിയ, പിതൃതർപ്പണം, സംഘാടനം, ഉണര്‍ത്തുപാട്ട്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, എം സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരനായിരുന്നു എം സുകുമാരന്‍. അദ്ദേഹത്തിന്‍റെ കഥകളിലും നോവലുകളിലും ആ രാഷ്ട്രീയ നിലപാടുകള്‍ കാണാം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2006ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
തുടക്കത്തില്‍ നക്സല്‍ പ്രസ്ഥാനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് മാറി. 1943-ല്‍ ചിറ്റൂരില്‍ ജനിച്ച എം സുകുമാരന്‍ 1963-ല്‍ തിരുവനന്തപുരത്തെ ഏജി ഓഫീസില്‍ ക്ലര്‍ക്കായി. എന്നാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1974ല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ചുവന്ന ചിഹ്നങ്ങളെന്ന ചെറുകഥാ സമാഹാരത്തിന് 2006-ല്‍ കേന്ദ്ര സാഹിത്യ പുരസ്ക്കാരം ലഭിച്ചു. മരിച്ചിട്ടില്ലാത്ത സ്മാരകള്‍ എന്ന പുസ്തകത്തിനും, ജനിതകമെന്ന കൃതിക്കും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കും രണ്ട് തവണ അര്‍ഹനായി.1981-ല്‍ ശേഷക്രിയക്കും,1995-ല്‍ കഴകത്തിനുമാണ് ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. മറ്റ് നിരവധി പുരസ്ക്കാരങ്ങളും എം സുകുമാരനെ തേടിയെത്തിയിട്ടുണ്ട്.
സംഘഗാനം, ഉണര്‍ത്ത് പാട്ട് എന്നീ കഥകള്‍ സിനിമയാക്കിയിട്ടുണ്ട്. ശേഷക്രിയയാണ് ഏറ്റവും പ്രധാനപ്പെട്ട കൃതി. മരിച്ചിട്ടില്ലാത്ത സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം സുകുമാരന്റെ കഥകള്‍ തുടങ്ങിയവയും പ്രശസ്തമാണ്.