Kerala
ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Kerala

ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Alwyn K Jose
|
2 Jun 2018 2:24 PM GMT

ജിഷവധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ജിഷവധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി എസ് ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമീറുല്‍ ഇസ്‍ലാമിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ആയിരത്തോളം പേജുകള്‍ അടങ്ങുന്നതാണ് കുറ്റപത്രം.

195 സാക്ഷികളെയും 75 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ ഏഴു ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം(376, 376 A), അതിക്രമിച്ചുകടക്കല്‍, തെളിവുനശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജിഷയുടെ വീട്ടില്‍ നിന്ന് അമീര്‍ ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍വാസി ശ്രീലേഖയാണ് കേസിലെ ഒന്നാം സാക്ഷി. അയല്‍വാസിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകം. അമീറുല്‍ ഇസ്‍ലാം സുഹൃത്ത് സുജലിനോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസിലെ പ്രധാന തെളിവ്. ഭായിമാര്‍ക്ക് കുഴപ്പമുണ്ടോ, പൊലീസ് വന്നോ തുടങ്ങിയ കാര്യങ്ങളാണ് അമീര്‍ സുഹൃത്തിനോട് അന്വേഷിച്ചത്. കൃത്യം നടത്തിയ ശേഷം അമീര്‍ നാട്ടിലേക്ക് മടങ്ങാന്‍ എടുത്ത ട്രെയിന്‍ ടിക്കറ്റും നിര്‍ണായകമായി.

പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിച്ചിരിക്കുന്നത്. ജിഷയോടുള്ള ലൈംഗിക താല്‍പ്പര്യം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഏറെ പഴി കേട്ടതിനാല്‍ കൃത്യതയുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനാണ് ഇത്രയും സമയമെടുത്തെന്ന് പൊലീസ് പറയുന്നു. കേസിലെ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുര്‍ബലമാക്കുമെന്ന ആരോപണത്തിനിടയിലാണ് കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചത്. എന്നാല്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രം പിഴവുകളില്ലാത്താകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. അമീറുല്‍ ഇസ്‌ലാം കൊലപാതക ദിവസം ജിഷയുടെ വീട്ടിലെത്തി കൃത്യം നടത്തി തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ജിഷ തടുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളവും അമീറിന്റെ സുഹൃത്ത് അനാറിനെ കുറിച്ചുള്ള വിവരവും ഇതില്‍ പ്രധാനമാണ്. അമീറുല്‍ ഇസ്‌ലാം ജാമ്യപേക്ഷയുമായി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്തിയാല്‍ ജാമ്യം ലഭിക്കാനിടയായേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

Similar Posts