അടച്ചു പൂട്ടിയ പാറമടകള്‍ തുറക്കുന്നതിന് അനുകൂലമായി ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ട്
|പാറമടകള്‍ മൂലം വീടുകള്‍ക്ക് കേടുപാടുകളില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മടകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍
അടച്ചു പൂട്ടിയ പാറമടകള്‍ തുറക്കുന്നതിന് അനുകൂലമായ ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ട്. അടച്ചു പൂട്ടിയ തൃശൂര്‍ വട്ടപ്പാറയിലെ പാറമടകള്‍ തുറക്കുന്നതിന് അനുകൂലമായി ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് നാശനഷ്ടമുണ്ടായ വീടുകള്‍ സന്ദര്‍ശിക്കാതെയാണെന്ന് പരാതി. പാറമടകള്‍ മൂലം വീടുകള്‍ക്ക് കേടുപാടുകളില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മടകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
എന്നാല്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ ഉദ്യോഗസ്ഥ സംഘം വീടുകള്‍ സന്ദര്‍ശിച്ചത് സമീപത്തുള്ള വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. തകര്‍ന്ന് വീഴാറായ ഈ വീടിന്റെ ഉടമ മാസങ്ങള്‍ക്ക് മുന്‍പ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഘം ഈ വീടും സന്ദര്‍ശിച്ചില്ല.
പാറമടകളുടെ 2 കിലോ മീറ്റര്‍ ചുറ്റളവില്‍ ഇരുപതോളം വീടുകളാണ് പൊട്ടി പ്പൊളിഞ്ഞ് കിടക്കുന്നത്. പക്ഷെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇവര്‍ സന്ദര്‍ശിച്ച 14 വീടുകളില്‍ ഒമ്പതുംപാറമട തൊഴിലാളികളുടെയും പാറമടകളെ അനുകൂലിക്കുന്നവരുടെയും ആണെന്ന് പരാതിയുണ്ട്. സന്ദര്‍ശിച്ചതായി പറയുന്ന വീടുകളില്‍ എത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രശ്നങ്ങള്‍ പഠിച്ച ശേഷം മടകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കാനായിരുന്നു മന്ത്രിതല ചര്‍ച്ചയിലെ തീരുമാനം . ഇത് അട്ടിമറിക്കാനാണ് നീക്കമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.