തുലാവര്‍ഷത്തിലുണ്ടായ കുറവ്; സംസ്ഥാനം വരള്‍ച്ചയിലേക്ക്
|നദികളില്‍ ഉപ്പുവെള്ളം കയറാനുളള സാധ്യത കൂടുതല്‍
സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലുമുണ്ടായ കുറവ് ജലസ്രോതസ്സുകളെ സാരമായി ബാധിച്ചു തുടങ്ങി. ഈ വര്‍ഷം തീരദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം തളളികയറുന്നതിന്റെ തോത് വന്‍ തോതില്‍ വര്‍ദ്ധിച്ചേക്കുമെന്ന് പഠനങ്ങള്‍. 2016ല്‍ സംസ്ഥാനത്തുണ്ടായത് 34 ശതമാനം മഴയുടെ കുറവാണ്. കേരളത്തിന് പുറമെ ചിറാപുഞ്ചിയും മൌസിണ്റാമും സ്ഥിതി ചെയ്യുന്ന മേഘാലയയില്‍ 49 ശതമാനം മഴയുടെ കുറവുണ്ടായി.
വേനലെത്തുന്നതിന് മുന്‍പെ തന്നെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ കാരണം തുലാവര്‍ഷത്തിലുണ്ടായ കുറവാണ്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കും. ഇതുമൂലം ഭൂഗര്‍ഭജല സ്രോതസ്സുകള്‍ വറ്റി വരണ്ട് തുടങ്ങി. വിവിധ നദികളില്‍ സി ഡബ്യു ആര് ഡി എം നടത്തിയ പഠനത്തില്‍ നദികളുടെ അഴിമുഖത്ത് നിന്ന് 25 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് ഉപ്പുവെള്ളം കയറുന്നതായി കണ്ടെത്തി. വേനല്‍ കടുക്കുന്നതോടെ ഇതിന്റെ തോത് ഇനിയും വര്‍ദ്ധിക്കും. മീനച്ചില്‍, കുറ്റ്യാടി, ചാലിയാര്‍, വളപട്ടണം തുടങ്ങി വിവിധ നദികളിലാണ് പഠനം നടത്തിയത്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം തീരദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളത്തിന്റെ തള്ളികയറ്റത്തിന് സാധ്യത ഏറെയാണെന്നും സി ഡബ്യു ആര് ഡി എം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുലാവര്‍ഷത്തില്‍ 62 ശതമാനം കുറവാണ് ഈ വര്‍ഷമുണ്ടായത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇത് 70 മുതല്‍ 86 ശതമാനം വരെയാണ്. തുലാവര്‍ഷത്തെ ആശ്രയിക്കുന്ന തമിഴ് നാട്ടിലാകട്ടെ 25 മുതല്‍ 80 ശതമാനം മഴയുടെയും കര്‍ണ്ണാടകയില്‍ 30 മുതല്‍ 85 ശതമാനം വരെയും കുറവുണ്ടായി.