ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡനം: മെറ്റ്സ് എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥിസമരം
|മാനസികമായി പീഡിപ്പിക്കുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു
തൃശൂര്‍ മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുന്നു. മാനസികമായി പീഡിപ്പിക്കുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കോളജ് പ്രിന്‍സിപ്പലെ പുറത്താക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
ഇന്റേണല്‍ മാര്‍ക്കിന്റെയും ഹാജരിന്റെയും പേരില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് തൃശൂര്‍ മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. അനാവശ്യമായി ഫൈന്‍ ഈടാക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളെ ശാരീരികമായി പോലും ഉപദ്രവിക്കുന്ന പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച അധ്യാപകനെതിരയും നടപടി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
ഏഴ് ദിവസമായി നിരാഹാര സമരം നടത്തുന്ന മുഹമ്മദ് റനീസ് എന്ന വിദ്യാര്‍ഥിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എബിവിപി നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ഇന്ന് മാള പൊലീസ് സ്റ്റേഷന് പരിധിയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.