Kerala
വറ്റി വരണ്ട് ഭാരതപ്പുഴവറ്റി വരണ്ട് ഭാരതപ്പുഴ
Kerala

വറ്റി വരണ്ട് ഭാരതപ്പുഴ

Subin
|
2 Jun 2018 12:40 PM GMT

ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളം എടുക്കാന്‍ കഴിയുന്നത്...

വേനല്‍ കടുത്തതോടെ ഭാരതപ്പുഴയുടെ ഭൂരിഭാഗം ഭാഗങ്ങളും വറ്റി. മൂന്ന് ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ ബുദ്ധിമുട്ടിലായി. ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളം എടുക്കാന്‍ കഴിയുന്നത്.

മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല. കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്, കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. പക്ഷേ പുഴയുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. വേനല്‍മഴക്ക് കിട്ടിയ കുറച്ച് വെള്ളം ഏപ്രില്‍ പകുതിക്ക് മുമ്പേ വറ്റി തുടങ്ങി.

മണല്‍ കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയടത്തും മാത്രമാണ് വെള്ളമുള്ളത്. ഇത് തന്നെ ആവശ്യത്തിനില്ല. വര്‍ഷക്കാലത്തെ മൂന്ന് മാസം മാത്രമാണ് മുഴുവന്‍ ഭാഗത്തേക്കും വെള്ളം വ്യാപിക്കുന്നത്. വര്‍ഷങ്ങളായി ഭാരതപ്പുഴ നിറഞ്ഞൊഴുകിയിട്ട്. അശാസ്ത്രീയമായ മണല്‍ വാരലാണ് പുഴയെ ഈ നിലയിലെത്തിച്ചത്. പുഴ വറ്റിയതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമവും രൂക്ഷമായി. കുടിവെള്ളത്തിന് കുഴല്‍ കിണറുകളെ ആശ്രയിച്ചതും പ്രശ്‌നം ഗുരുതരമാക്കി.

പുഴയുടെ പല ഭാഗങ്ങളിലും ഇന്ന് മരങ്ങളും ചെടികളുമാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി പലരും തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഭാരതപ്പുഴ വലിയ പാരിസ്ഥിതിക പ്രശ്‌നം കൂടിയായി മാറി.

Similar Posts