എസ് രാജേന്ദ്രന്‍ എംഎല്‍എയുടേത് വ്യാജ പട്ടയം
|നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്‍റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ്
ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ ഭൂമിയുടേത് വ്യാജ പട്ടയമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്ന് മന്ത്രി വ്യക്തമാക്കുന്നത്. റവന്യു മന്ത്രി തനിക്കെതിരെ ബോധപൂര്‍വ്വമായ നീക്കം നടത്തുന്നതായി രാജേന്ദ്രന്‍ മീഡിയവണിനോട് പ്രതികരിച്ചു
പി സി ജോര്‍ജ് എം എല്‍ എയുടെ ചോദ്യത്തിനാണ് രാജേന്ദ്രന്‍റെ പട്ടയം സംബന്ധിച്ച് റവന്യുമന്ത്രിയുടെ മറുപടി. മൂന്നാറില്‍ ഒരു എം എല്‍ എയുടെ വീടിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണോ എന്നാണ് ചോദ്യം. വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപി രാജേന്ദ്രന്‍ എം എല്‍ എ യുടേത് വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയിട്ടുള്ളതായി മന്ത്രിയുടെ മറുപടി.
പട്ടയ നന്പര്‍ തിരുത്താന്‍ രാജേന്ദ്രന്‍ 2011ല്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയും ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് 2015ല്‍ നല്‍കിയ അപ്പീലും തള്ളപ്പെട്ടതായും റവന്യു മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. കെ ഡി എച് വില്ലേജിലെ ഇക്കാ നഗറില്‍ 8 സെന്റ് ഭൂമിക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി 2000ല്‍ പട്ടയം നല്‍കിയിട്ടുണ്ടെന്നാണ് രാജേന്ദ്രന്റെ അവകാശവാദം. റവന്യു മന്ത്രിയുടെ നിലപാടിനെ രാജേന്ദ്രന്‍ എം എല്‍ എ തള്ളി
രാജേന്ദ്രന്റേത് വ്യാജപട്ടയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെ സിപിഎം നേതാക്കളുടെ പ്രതികരണം. വിരുദ്ധമായ മറുപടി സഭാ രേഖകളില്‍ തന്നെ വന്നത് മൂന്നാറിനെച്ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കും.