Kerala
പൂഞ്ഞാറില്‍ വോട്ടുതേടി ഇന്ദുലേഖയുംപൂഞ്ഞാറില്‍ വോട്ടുതേടി ഇന്ദുലേഖയും
Kerala

പൂഞ്ഞാറില്‍ വോട്ടുതേടി ഇന്ദുലേഖയും

admin
|
2 Jun 2018 12:07 AM GMT

വിശ്വസിച്ച സത്യങ്ങള്‍ക്കുവേണ്ടി കത്തോലിക്ക സഭാ നേതൃത്വവുമായും എംജി സര്‍വകലാശാലയുമായും വലിയ നിയമയുദ്ധങ്ങള്‍ നടത്തിയ ആളാണ് ഇന്ദുലേഖ.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇന്ദുലേഖയുണ്ട്. വിശ്വസിച്ച സത്യങ്ങള്‍ക്കുവേണ്ടി കത്തോലിക്ക സഭാ നേതൃത്വവുമായും എംജി സര്‍വകലാശാലയുമായും വലിയ നിയമയുദ്ധങ്ങള്‍ നടത്തിയ ആളാണ് ഇന്ദുലേഖ. ഹൈക്കോടതിയില്‍ അഭിഭാഷകയായ ഇന്ദുലേഖയുടെ പ്രചാരണ പരിപാടിയിലുമുണ്ട് വ്യത്യസ്തത.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിനെയും, ജോര്‍ജ്കുട്ടി ആഗസ്തിയെയും, പി സി ജോസഫിനെയും, എം ആര്‍ ഉല്ലാസിനെയുമൊക്കെ നേരിടാന്‍ ഇന്ദുലേഖ തയ്യാറായിക്കഴിഞ്ഞു. ചെറുപ്രായത്തില്‍ തന്നെ സ്വന്തം നിലപാടുകള്‍ക്കായി സമരങ്ങള്‍ ഏറെ നടത്തിയ ചെറുപ്പക്കാരിയാണ് ഇന്ദുലേഖ. നാലാം വയസില്‍ ദൂരദര്‍ശന്‍ ടെലിവിഷനില്‍ നൃത്തം അവതരിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ ഇന്ദുലേഖയുടെ കുടുംബത്തോട് 3000 രൂപ കൈകൂലി ചോദിച്ച ഉദ്യോഗസ്ഥനെതിരെ തുടങ്ങി സമരജീവിതം. നാലാം വയസില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മുമ്പില്‍ നൃത്തം ചെയ്ത് ഇന്ദുലേഖ പ്രതിഷേധിച്ചു. അഴിമതിവിരുദ്ധ രാഷ്ട്രീയമാണ് ലക്ഷ്യം.

ഡിഗ്രി പഠനകാലത്ത് അച്ഛനും കോളജ് അധ്യപകനുമായ ഈപ്പന്‍ എഴുതിയ പുസ്തകത്തിനെതിരെ കത്തോലിക്ക സഭ എതിര്‍പ്പുമായി രംഗത്തെത്തി. പിന്നീട് സഭയുടെ എതിര്‍പ്പിനെതുടര്‍ന്ന് ഇന്ദുലേഖ പഠിച്ചിരുന്ന കോളജില്‍നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് എം ജി സര്‍വകലാശാലക്കെതിരെയും സഭയുടെ നടപടക്കെതിരെയും ഏറെ സമരങ്ങള്‍ നടത്തി. സുപ്രീം കോടതി വരെയെത്തിയ നിയമയുദ്ധത്തിനിടെ ജസ്റ്റിസ് മാര്‍ക്കണ്ഠേയ ഖട്ജു നടത്തിയ പരാമര്‍ശമാണ് ഇന്ദുലേഖയെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

പ്രത്യക്ഷത്തില്‍ പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പിന്തുണച്ചില്ലെങ്കിലും ബാലറ്റില്‍ അവര്‍ പിന്തുണയ്ക്കുമെന്ന് ഇന്ദുലേഖ ഉറച്ചുവിശ്വസിക്കുന്നു. വിവിധ സാമൂഹ്യസംഘടനകളുടെ പിന്തുണയുണ്ടെന്നും മുഖ്യധാരാ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കെതിരെ മല്‍സരിക്കാന്‍ ഭയമില്ലെന്നും ഇന്ദുലേഖ പറയുന്നു.

പണക്കൊഴുപ്പിന്റെ പ്രചാരണ പരിപാടികള്‍ ഒഴിവാക്കിയും, ചില ദിനപത്രത്തില്‍ പരസ്യം നല്‍കിയുമാണ് ഇന്ദുലേഖയുടെ പ്രചാരണ പരിപാടികള്‍ തുടരുന്നത്. നാളത്തെ ആശയങ്ങളുടെ ഇന്നത്തെ രക്തസാക്ഷിയാണ് താന്‍ എന്ന തലക്കെട്ടിലാണ് ഇന്ദുലേഖയുടെ പ്രചാരണം.

Similar Posts