കായംകുളത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്തതില്‍ വര്‍ഗീയ കലാപ ശ്രമവും പൊലീസ് അന്വേഷിക്കുന്നു
|സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കല്‍ക്കിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രയാഗാനന്ദാശ്രമം സോമരാജപ്പണിക്കരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കായംകുളത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ വര്‍ഗീയ കലാപ ശ്രമം ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ പൊലീസ് പരിശോധിക്കുന്നു. ആള്‍ദൈവമെന്ന് അവകാശപ്പെടുന്നയാളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഈ സാദ്ധ്യത കൂടി പോലീസ് പരിശോധിക്കുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കല്‍ക്കിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രയാഗാനന്ദാശ്രമം സോമരാജപ്പണിക്കരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം കൃഷ്ണപുരത്ത് മേജര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള പ്രതിമയും കനകഭവനില്‍ ജയദീപന്റെ വീടിനു മുന്പില് സ്ഥാപിച്ചിരുന്ന പ്രതിമകളാണ് തകര്‍ക്കപ്പെട്ടിരുന്നത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പുലര്‍ച്ചെ സോമരാജപ്പണിക്കര്‍ സൈക്കിളില്‍ പോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച സോമരാജപ്പണിക്കര്‍ താന്‍ കല്‍ക്കി അവതാരമാണെനന്നും പ്രതിമകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മൂന്നു വര്‍ഷം മുന്‍പ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസിലും ഇയാളെ അറസ്റ്റു ചെയ്തിരുന്നു.