മഅ്ദനിയുടെ യാത്ര; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം
|സര്‍ക്കാര്‍ ശമ്പളമുള്ളപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക തുകയെന്തിനെന്ന് കോടതി. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും നല്‍കിയാല്‍ മതിയെന്നും കോടതി
കേരളത്തിലേക്ക് വരാനായി അബ്ദുന്നാസർ മദനിയോട് വൻതുക സുരക്ഷാ ചെലവായി ആവശ്യപ്പെട്ട കർണ്ണാടക സർക്കാരിന് സുപ്രീംകോടതിയുടെ നിശിത വിമർശം. കോടതി വിധി നടപ്പിലാക്കുന്നത് അസാധ്യമാക്കാനാണോ സർക്കാരിന്റെ ശ്രമമെന്നും കോടതി ചോദിച്ചു. സുരക്ഷാ ചെലവായി യാത്ര ബത്തയും ദിനബത്തയും മാത്രമേ ഈടാക്കാവൂ. സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് ഇത്രയും തുക ആവശ്യപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്നും കോടതി ചോദിച്ചു.
സുരക്ഷാ ചെലവിനായി പതിനാലര ലക്ഷം ആവശ്യപ്പെട്ടു കർണാടകം സർക്കാർ നൽകിയ കത്തിന്റെ പകർപ്പ് രാവിലെ 10.30 ന് കോടതി ആരംഭിച്ച ഉടനെ ജസ്റ്റിസ് എസ് എ ദോബ്ഡെയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ചിന് മുന്നിൽ മദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സമർപ്പിച്ചു. ഒരു എസിപിക്ക് പതിനാല് ദിവസത്തേക്ക് രണ്ടര ലക്ഷം രൂപയെന്ന കണക്ക് കണ്ട് കോടതി അത്ഭുതം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരല്ലേ ഇവരെന്നും, പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്ന് കോടതി ചോദിച്ചു.
സുരക്ഷ നല്‍കേണ്ടത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിന് വന്‍ തുക നല്‍കാന്‍ മഅ്ദനി തൊഴില്‍ദാതാവല്ല, വിചാരണത്തടവുകാരനാണ്. സമാന്യ യുക്തി പ്രയോഗിക്കാതെയാണ് ഇത്രയും വലിയ തുക ആവശ്യപ്പട്ടിരിക്കുന്നത്. സാധാരണ ജോലിയില്‍ നിന്നും വ്യത്യസ്തമായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബംഗ്ലൂരുവിലേക്കുമുള്ള യാത്ര മാത്രമാണ് ഇവിടയെുള്ളത്. അതിന് യാത്രാബത്തയും ദിനബത്തയും മാത്രമേ ഈടാക്കാവൂ. അത് എത്രയെന്ന് നാളെ അറിയിക്കണമെന്നും കര്‍ണ്ണാടകയോട് കോടതി നിര്‍ദേശിച്ചു.
നീതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ടുള്ള കാര്യമാണിത്. അതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നത് അസാധ്യമാക്കാനാണോ ശ്രമമെന്നും കര്‍ണ്ണാടകയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. അതിനിടെ മഅ്ദനിയുടെ സുരക്ഷാചുമതല ഏറ്റെടുക്കാമെന്ന നിര്‍ദേശം കേരളം മുന്നോട്ട് വെച്ചു. എന്നാല്‍ കോടതി അംഗീകരിച്ചില്ല. കര്‍ണ്ണാടകയുടെ കീഴില്‍ വരുന്ന കേസാണിതെന്നും, അതിനാല്‍ സുരക്ഷ ചുമതല കര്‍ണ്ണാടകക്ക് മാത്രമാണെന്നും കോടതി പറഞ്ഞു