Kerala
സംസ്ഥാനത്ത് അവയവദാനം കുത്തനെ കുറഞ്ഞുസംസ്ഥാനത്ത് അവയവദാനം കുത്തനെ കുറഞ്ഞു
Kerala

സംസ്ഥാനത്ത് അവയവദാനം കുത്തനെ കുറഞ്ഞു

Sithara
|
2 Jun 2018 12:11 PM GMT

അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം അവയവം ദാനം ചെയ്തത് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേര്‍ മാത്രം

സംസ്ഥാനത്ത് അവയവദാനം ഈ വര്‍ഷം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം അവയവം ദാനം ചെയ്തത് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേര്‍ മാത്രം. ഇതോടെ മൃതസഞ്ജീവനി പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

അവയവദാനം പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2012ല്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് അഥവാ മൃതസഞ്ജീവനി പദ്ധതി ആവിഷ്കരിച്ചത്. 2012 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കുക. അവയവങ്ങള്‍ ദാനം നല്‍കിയവരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷം 72 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ ദാനം ചെയ്തത് 11 പേര്‍ മാത്രം.

ഹൃദയം, കരള്‍, ശ്വാസകോശം, കിഡ്നി തുടങ്ങിയ പ്രധാന അവയവങ്ങളൊക്കെ ഈ വര്‍ഷം ദാനം ചെയ്തവരുടെ എണ്ണം ഏറെ കുറവാണ്. ഹൃദയം കഴിഞ്ഞ വര്‍ഷം ദാനം ചെയ്തവരുടെ എണ്ണം 18 ആണ്. ഈ വര്‍ഷം ഇതുവരെ 2 പേര്‍ മാത്രം. കഴിഞ്ഞ വര്‍ഷം കിഡ്നി ദാനം ചെയ്തവര്‍ 113ഉം 2015ല്‍ 132ഉം ആയിരുന്നെങ്കില്‍ ഇത്തവണ 20 പേര്‍ മാത്രമായി കുറഞ്ഞു. കരള്‍ ദാനം ചെയ്തവര്‍ 2016ല്‍ 64 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ കരള്‍ ദാനം ചെയ്തത് 9 പേര്‍ മാത്രം.

അവയവദാന രംഗത്ത് നടക്കുന്ന ചൂഷണവും തെറ്റായ പ്രചരണവുമാണ് അവയവദാനം കുറയ്ക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അവയദാനം പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ ബോധവല്‍കരണം നടത്താനും ആരോഗ്യ വകുപ്പിന് തീരുമാനമുണ്ട്. സംസ്ഥാനത്ത് കിഡ്നിക്കായി 1605 പേരാണ് കാത്തിരിക്കുമ്പോഴാണ് അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത്.

Similar Posts