ഹാദിയയുടെ മൊഴിയെടുക്കാനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്
|കമ്മീഷന് കോട്ടയം എസ് പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നിലവില്‍ ഹാദിയായുടെ മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന്..
ഹാദിയയില്‍ നിന്നും മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്. കമ്മീഷന് പൊലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉള്ളത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ മൊഴിയെടുക്കാന്‍ സാധിക്കില്ലെന്നും പൊലീസ് കമ്മീഷനെ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയം എസ് പിയോട് റിപ്പോര്‍ട്ട് തേടിയത്.
ആദ്യ റിപ്പോര്‍ട്ട് പൂര്‍ണ്ണമാകാതിരുന്ന സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഹാദിയയില്‍ നിന്നും മൊഴിയെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഹാദിയയുടെ മൊഴിയെടുക്കുന്നത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണമാകുമെന്നാണ് പൊലീസ് പറയുന്നത്. ആയതിനാല്‍ മൊഴിയെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും പൊലീസ് നിയമോപദേശം തേടുകയും ചെയ്തു.
പൊലീസ് നിലപാട് അറിയിച്ചതോടെ പരാതിക്കാരനായ മുനവ്വറലി ശിഹാബ് തങ്ങളുടെ മറുപടി കമ്മീഷന്‍ ആരാഞ്ഞു. ഇതുകൂടി ലഭിച്ച ശേഷം അന്തിമ ഉത്തരവ് ഇറക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഹാദിയയുടെ മൊഴി കമ്മീഷന്‍ നേരിട്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കമ്മീഷന്‍ സിറ്റിംഗിലേക്ക് മാര്‍ച്ച് നടത്തി.