Kerala
മലര്‍ന്ന് കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്കില്ല സിപിഐക്കെതിരെ എംഎം മണി'മലര്‍ന്ന് കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്കില്ല' സിപിഐക്കെതിരെ എംഎം മണി
Kerala

'മലര്‍ന്ന് കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്കില്ല' സിപിഐക്കെതിരെ എംഎം മണി

Muhsina
|
2 Jun 2018 8:50 AM GMT

ജോയ്സ് ജോര്‍ജിന്റെ ഭൂമി വിഷയത്തില്‍ നടപടി സ്വീകരിച്ചതിന് സിപിഐക്ക് പ്രതിഫലം കിട്ടിയോ എന്ന് വ്യക്തമാക്കണം. ശിവരാമനല്ല ഏത് രാമനാണെങ്കിലും പറയാനുളളത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും..

ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്‍റെ കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഐയെ കണക്കറ്റ് വിമര്‍ശിച്ച് മന്ത്രി എം എം മണി. നടപടി കോണ്‍ഗ്രസിന്‍റെ നിലപാടുകളെ സഹായിച്ചെന്നും മലര്‍ന്ന് കിടന്ന് തുപ്പുന്ന പണി സിപിഎമ്മിനില്ലെന്നും മന്ത്രി മണി പറഞ്ഞു. ഇടുക്കി കട്ടപ്പനയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തിടെയായിരുന്നു എം എം മണിയുടെ പ്രതികരണം. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെയാണ് മന്ത്രി എം എം മണി വീണ്ടും സിപിഐക്കെതിരെ വാളോങ്ങിയത്. കോണ്‍ഗ്രസിനെ സഹായിച്ച സിപിഐയുടെ നടപടിയില്‍ എന്ത് പ്രതിഫലം ലഭിച്ചെന്ന് സിപിഐ വ്യക്തമാക്കണം. നടപടി ശരിയായില്ലെന്ന് ഇനിയും ആവര്‍ത്തിക്കും. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെയും മന്ത്രി മണി വിമര്‍ശിച്ചു.

ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരായ കര്‍ഷകരെ സംരക്ഷിക്കുമെന്നും വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെതിരെ സിപിഐയ്ക്കെതിരായി എം എം മണി ആവര്‍ത്തിച്ച് നടത്തുന്ന പ്രതികരണങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Related Tags :
Similar Posts