ദളിത് വിദ്യാര്‍ഥിനിയുടേത് ആത്മഹത്യാ ശ്രമമല്ല; സഹപാഠികളുടെ ഉപദ്രവത്തിനിടെ സംഭവിച്ച അപകടം
|സഹ വിദ്യാര്‍ഥികളുടെ ശാരീരികമായ ഉപദ്രവം തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഐപിഎംഎസ് ഏവിയേഷനിലെ ദളിത് വിദ്യാര്‍ഥിനി ഹോട്ടലില്‍ നിന്ന് ചാടിയ സംഭവം ആത്മഹത്യാ ശ്രമം അല്ലെന്ന് രക്ഷിതാക്കള്‍. സഹ വിദ്യാര്‍ഥികളുടെ ശാരീരികമായ ഉപദ്രവം തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഈ കഴിഞ്ഞ 30നാണ് സംഭവം. തിരുവനന്തപുരം അരിസ്റ്റോ ജംങ്ഷനിലുള്ള ഐപിഎംഎസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനി ട്രെയിനിങിനായി കരിപ്പൂര്‍ പോയപ്പോഴാണ് ഹോട്ടലില്‍ നിന്നും വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരന്തരമായ ജാതീയ അധിക്ഷേപവും ശാരീരിക ഉപദ്രവവും ആണ് തന്റ മകള്‍ക്ക് അനുഭവിക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
തങ്ങളുടെ മകള്‍ വിവാഹം കഴിച്ചതും വലിയ പ്രശ്നമാക്കി. താഴ്ന്ന ജാതിയിലുള്ളതിനാല്‍ മകള്‍ പഠിക്കുന്നത് സ്ഥാപനത്തിന് നാണക്കേടാണെന്നും ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ സമ്മതിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റിയ വിദ്യാര്‍ഥിനി ഇപ്പോഴും ചികിത്സയിലാണ്.