Kerala
കോടിയേരിയുടെ മകന്‍ ബിനോയ് ദുബൈയിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെന്ന് പരാതികോടിയേരിയുടെ മകന്‍ ബിനോയ് ദുബൈയിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെന്ന് പരാതി
Kerala

കോടിയേരിയുടെ മകന്‍ ബിനോയ് ദുബൈയിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെന്ന് പരാതി

Sithara
|
2 Jun 2018 2:46 PM GMT

ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്‌ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയതായി പരാതി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്‌ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി.

ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്ന ബിനോയ് കോടിയേരി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് പല തവണയായി 8 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഓഡി കാര്‍ വാങ്ങാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായാണ് പണം വായ്പയെടുത്തത്. ജാസ് കമ്പനി പാട്ണറായ മലയാളി രാഹുല്‍ കൃഷ്ണ വഴിയായിരുന്നു ഇടപാട്. പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പലിശയും ചേര്‍ത്ത് ഇപ്പോഴത് 13 കോടിയായതായാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്.

പണം തിരിച്ചുവാങ്ങാനായി കോടിയേരി ബാലകൃഷ്ണനെയടക്കം നേരില്‍ കണ്ട് സംസാരിച്ചു. പണം നല്‍കാന്‍ കോടിയേരി നല്‍കിയ അവധിയും തെറ്റിയതോടെയാണ് കമ്പനി കേസ് കൊടുത്തത്. പ്രശ്‌നപരിഹാരത്തിന് സിപിഎം കേന്ദ്രനേതൃത്വത്തേയും കമ്പനി അധികൃതര്‍ സമീപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ദുബൈയില്‍ ബിനോയിക്കെതിരെ 5 ക്രിമിനല്‍ കേസുകള്‍ കൂടിയുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച പരാതിയില്‍ പറയുന്നുണ്ട്. ദുബൈയില്‍ നിന്ന് മുങ്ങിയ ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായവും കമ്പനി തേടി. പാര്‍ട്ടി സംസ്ഥാന സമ്മേളനമടുത്തിരിക്കുന്ന സമയത്ത് സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ വെട്ടിലാക്കി. നേരത്തേയും നേതാക്കളുടെ മക്കളുടെ ആര്‍ഭാട ജീവിതത്തിനെതിരെയുള്ള വിമര്‍ശനം കേരളത്തിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Similar Posts