വന്‍ പദ്ധതികളില്ലാതെ ബജറ്റ്; കിഫ്ബിയെ പ്രതിരോധിച്ച് ധനമന്ത്രി
|കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ കേന്ദ്ര ബിന്ദുവായിരുന്ന കിഫ്ബിക്ക് ഈ ബജറ്റില്‍ വലിയ റോളുണ്ടായില്ല. കിഫ്ബി വഴി എടുത്തുപറയത്തക്ക വലിയ പദ്ധതികളൊന്നും ഇത്തവണ പ്രഖ്യാപിച്ചില്ല..
കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ കേന്ദ്ര ബിന്ദുവായിരുന്ന കിഫ്ബിക്ക് ഈ ബജറ്റില്‍ വലിയ റോളുണ്ടായില്ല. കിഫ്ബി വഴി എടുത്തുപറയത്തക്ക വലിയ പദ്ധതികളൊന്നും ഇത്തവണ പ്രഖ്യാപിച്ചില്ല. പകരം കിഫ്ബിയുടെ തിരിച്ചടവ് ശേഷിയെക്കുറിച്ചും വിജയസാധ്യതയെക്കുറിച്ചും വിശദീകരിക്കാനാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ശ്രമിച്ചത്.
കിഫ്ബിയായിരുന്നു കഴിഞ്ഞ രണ്ട് ബജറ്റുകളിലെ താരം. കെ ഫോണും പെട്രോ കെമിക്കല്‍ പാര്‍ക്കും ട്രാന്‍സ്ഗ്രിഡും ഉള്‍പ്പെടെ ആയിരക്കണക്കിന് കോടിയുടെ പദ്ധതികള്‍. ഇത്തവണ ചിത്രം മാറി. തീരദേശത്ത് 900 കോടി, കെ എസ് ആര്‍ ടിസിക്ക് 2000 ബസുകള്‍, 42 റയില്‍വേ പാലങ്ങള്‍, സ്കൂളുകളില്‍ കന്പ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി, ജലപാതക്ക് 650 കോടി എന്നിങ്ങനെ ചുരുക്കം പദ്ധതികള്‍ മാത്രം. കിഫ്ബി പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിമര്‍ശനങ്ങളെ പ്രതിരോധിക്കാനായിരുന്നു ബജറ്റില്‍ ധനമന്ത്രി ശ്രമിച്ചത്. കിഫ്ബി വഴി ഇതിനകം 54000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഈ കടം 10 വര്‍ഷം കൊണ്ട് ഒരു കോടി ലക്ഷമായി തിരിച്ചടക്കേണ്ടിവരും. തിരിച്ചടക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രിയുടെ വിശ്വാസം.
പ്രഖ്യാപിച്ച് രണ്ട് വര്‍ഷമായിട്ടും തുടങ്ങാത്ത പ്രവാസി ചിട്ടി ഈ ഏപ്രിലോടെ തുടങ്ങുമെന്ന് ധനമന്ത്രി പറയുന്നു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും പെന്‍ഷനും വാഗ്ദാനം ചെയ്യുന്നു. പ്രവാസികളെ ലക്ഷ്യമിട്ടുള്ള മസാല ബോണ്ട് , മറ്റ് വിവിധയിനം ബോണ്ടുകള്‍ വഴിയും നിക്ഷേപ സമാഹരണം സാധ്യമാണെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.