പി.വി അൻവറിന്റെ വാട്ടർ തീം പാർക്കിൽ കലക്ടര്‍ പരിശോധന നടത്തി
|രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന
പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പാര്‍ക്കിലെ നിയമലംഘനങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ വ്യക്തമാക്കി. സമഗ്രമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ റവന്യൂ വകുപ്പിന് കലക്ടര്‍ കൈമാറും.
രാവിലെ ഏഴ് മണിയോടെയാണ് കലക്ടര്‍ യുവി ജോസും ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറും അടക്കമുള്ള സംഘം കക്കാടംപോയിലിലെ പാര്‍ക്കിലെത്തിയത്. തുടര്‍ന്ന് ഒന്നരമണിക്കൂറോളം പരിശോധന നടത്തി. ദുരന്ത നിവാരണ നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതായി പരിശോധനാ സംഘത്തിന് ബോധ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സ്ഥിരികരിക്കാന്‍ കലക്ടര്‍ തയ്യാറായില്ല. പാര്‍ക്കുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിവിധ വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ യുവി ജോസ് വിശദീകരിച്ചു. യോഗത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കും.
തുടര്‍ന്ന് സമഗ്രമായി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ റവന്യുമന്ത്രിക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും സമര്‍പ്പിക്കും. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പാര്‍ക്കിന്റെ കാര്യത്തില്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.