ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്ന് എഫ്ഐആര്‍
|രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്ന് എഫ്ഐആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ദൃക്സാക്ഷിയുള്ള സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഉണ്ടാകാത്തതില്‍ പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സിപിഎമ്മിന്റെ ബി ടീമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷുഹൈബിന് ഏറെക്കാലമായി വധഭീഷണിയുണ്ടായിരുന്നതായി പിതാവ് മുഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് എടയന്നൂര്‍ തെരുവിലെ സുഹൃത്തിന്‍റെ ചായക്കടയില്‍ വെച്ച് കാറിലെത്തിയ അക്രമിസംഘം ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അരയ്ക്ക് താഴേക്ക് 37 വെട്ടുകളേറ്റ ഷുഹൈബ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഭവം നടക്കുമ്പോള്‍ ഷുഹൈബിനൊപ്പമുണ്ടായിരുന്ന റിയാസ്, നൌഷാദ് എന്നിവര്‍ അക്രമികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിന് കൃത്യമായ വിവരം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ഷുഹൈബിന്‍റെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തിട്ടില്ല. ഷുഹൈബിന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നതായും ഒരു മാസം മുന്‍പ് സിഐടിയു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിനിടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും കണ്ടാലറിയാവുന്ന നാല് സിപിഎം പ്രവര്‍ത്തകരാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നും മട്ടന്നൂര്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു.