Kerala
ഷുഹൈബിനെ വധിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല,  സംഭവം സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മൊഴിഷുഹൈബിനെ വധിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, സംഭവം സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മൊഴി
Kerala

ഷുഹൈബിനെ വധിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, സംഭവം സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മൊഴി

Sithara
|
2 Jun 2018 2:49 AM GMT

കണ്ണൂര്‍ എടയന്നൂരിലെ സിപിഎം പ്രാദേശിക നേതൃത്വവും ഷുഹൈബും തമ്മിലുണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഷുഹൈബിന്‍റെ കൊലപാതകം സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. കൊല്ലാനല്ല കാല്‍വെട്ടാനായിരുന്നു നിര്‍ദേശമെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. സിപിഎം വഞ്ഞ്യേരി ബ്രാഞ്ച് അംഗം റിജിന്‍രാജ്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂര്‍ എടയന്നൂരിലെ സിപിഎം പ്രാദേശിക നേതൃത്വവും ഷുഹൈബും തമ്മിലുണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷുഹൈബിന് തിരിച്ചടി നല്‍കാന്‍ പ്രാദേശിക നേതൃത്വം തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പ്രതികളായ ആകാശും റെജിന്‍ രാജും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷുഹൈബിനെ വധിക്കാനല്ല കാല് തല്ലിയൊടിക്കാനാണ് ആദ്യം ലഭിച്ച നിര്‍ദേശം. പിന്നീട് കാലുകള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടു. വെളുത്ത വാഗണ്‍ ആര്‍ കാര്‍ വാടകക്കെടുത്ത് ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറൊട്ടിച്ച് മൂന്ന് ദിവസം അക്രമി സംഘം ഷുഹൈബിനെ പിന്തുടര്‍ന്നു. മൂന്നാം ദിവസം രാത്രിയാണ് തെരൂരിലെ തട്ടുകടക്ക് മുന്നില്‍ വെച്ച് ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ഷുഹൈബിനെ വെട്ടിവീഴ്ത്തിയത്.

ഡിവൈഎഫ്ഐയുടെ രണ്ട് പ്രാദേശിക നേതാക്കള്‍ കൃത്യം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെയും വാഹനത്തിന്‍റെ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി അറസ്റ്റിലായ ആകാശിനെയും റജിന്‍ രാജിനെയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇതിനിടെ കേസിന്‍റെ അന്വേഷണം ഐജി മഹിപാല്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചതായി ഡിജിപി പറഞ്ഞു. ഉച്ചക്ക് ശേഷം ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം കണ്ണൂരില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Similar Posts