Kerala
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം: രണ്ട് പേര്‍‌ കസ്റ്റഡിയില്‍, 15 പേര്‍ക്കെതിരെ കേസെടുത്തുആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം: രണ്ട് പേര്‍‌ കസ്റ്റഡിയില്‍, 15 പേര്‍ക്കെതിരെ കേസെടുത്തു
Kerala

ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം: രണ്ട് പേര്‍‌ കസ്റ്റഡിയില്‍, 15 പേര്‍ക്കെതിരെ കേസെടുത്തു

Sithara
|
2 Jun 2018 4:58 AM GMT

അട്ടപ്പാടിയില്‍ മര്‍ദനമേറ്റ ആദിവാസി യുവാവ് പൊലീസ് ജീപ്പില്‍ മരിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു.

അട്ടപ്പാടിയില്‍ മര്‍ദനമേറ്റ ആദിവാസി യുവാവ് പൊലീസ് ജീപ്പില്‍ മരിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മധുവിന്റെ കൊലപാതകത്തില്‍ തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതലയെന്ന് ഡിജിപി ലോകനാഥ് ബഹ്റ വ്യക്തമാക്കി. മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ പറഞ്ഞു.

ഇന്നലെയാണ് അട്ടപ്പാടി മുക്കാളിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മര്‍ദ്ദനത്തില്‍ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അവശനായ മധുവിനെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്ത സെല്‍ഫികളും ഇക്കൂട്ടത്തിലുണ്ട്.

ക്രൂര മര്‍ദ്ദനത്തിന് ശേഷം നാട്ടുകാര്‍ മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലീസ് വാഹനത്തില്‍ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനത്തില്‍ താമസിക്കുന്ന മധു മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.

Similar Posts