എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം; ഇടപാടുകാര്‍ ആശങ്കയില്‍
|രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു
എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഇടപാടുകാര്‍ ആശങ്കയിലായി. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഇടപാടുകാര്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നിരവധി പരിഷ്കാരങ്ങള്‍ക്ക് പിന്നാലെയാണ് എസ്.ബി.ഐ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുപത്തി നാലു മണിക്കൂറും ബാങ്കിംഗ് സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എ,ടി.എമ്മുകള്‍ ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്ക് തിരിച്ചടിയാവും. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലടക്കം പുതിയ തീരുമാനം അറിയിച്ചുളള ബോര്‍ഡുകള്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ബാങ്കിംഗ് സമയം കഴിഞ്ഞാല്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി നിരവധി പേരാണ് ഈ കൌണ്ടറുകളെ ദിവസേന ആശ്രയിക്കുന്നത്. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഈ കൌണ്ടര്‍ ഒരനുഗ്രഹമാണ്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ തീരുമാനത്തില്‍ നിന്നും ബാങ്ക് അധികൃതര്‍ പിന്‍വലിയണമെന്നാണ് ജനങ്ങളുടെ ആവശ്യം.