Kerala
കൊച്ചി സ്‍മാര്‍ട്ട് സിറ്റിയില്‍ വമ്പന്‍ തൊഴിലവസരവുമായി അമേരിക്കന്‍ കമ്പനികൊച്ചി സ്‍മാര്‍ട്ട് സിറ്റിയില്‍ വമ്പന്‍ തൊഴിലവസരവുമായി അമേരിക്കന്‍ കമ്പനി
Kerala

കൊച്ചി സ്‍മാര്‍ട്ട് സിറ്റിയില്‍ വമ്പന്‍ തൊഴിലവസരവുമായി അമേരിക്കന്‍ കമ്പനി

admin
|
2 Jun 2018 11:48 PM GMT

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ എന്ന സ്ഥാപനത്തിന് അനുമതി.

സ്മാര്‍ട്ട് സിറ്റി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഡിജിറ്റല്‍ എനര്‍ജി ക്ളസ്റ്റര്‍ നിര്‍മിക്കും. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ 2020 മേളയില്‍ കൊച്ചി പദ്ധതിയുടെ പ്രത്യേക പവലിയനും ഏര്‍പ്പെടുത്തും. ദുബൈയില്‍ നടന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നാല്‍പത്തിയെട്ടാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

യുഎസ് കമ്പനിയായ ഡിജിറ്റല്‍ എനര്‍ജിയാണ് ആദ്യഘട്ടത്തിലെത്തുന്ന വിദേശത്തു നിന്നുള്ള പ്രമുഖ കമ്പനി. നാലര ഏക്കര്‍ സ്ഥലത്ത് 7.6 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം ഇവര്‍ നിര്‍മിക്കും. ഇതിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ അറിയിച്ചു. ലോകത്ത് ഏതു ഭാഗത്തും നടക്കുന്ന എണ്ണപര്യവേഷണ രംഗത്തെ ഗവേഷണങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനവും അടങ്ങുന്നതാണ് ഡിജിറ്റല്‍ എനര്‍ജി ക്ളസ്റ്റര്‍.

സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാം ഘട്ടം അടുത്തവര്‍ഷം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ 7.6 ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടമാണ് പൂര്‍ത്തിയാകുക. ഹോളി ഡേ ഗ്രൂപ്പ്, സാന്‍സ് ഇന്‍ഫ്രാ, ജെംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തു തന്നെ പൂര്‍ത്തീകരിക്കും. പദ്ധതി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും മുഖ്യപരിഗണന നല്‍കും. ദുബൈ സ്റ്റുഡിയോ സിറ്റിയിലെ സ്മാര്‍ട്ട് സിറ്റി കോണ്‍ഫറന്‍സ് റൂമിലായിരുന്നു യോഗം. കേരള സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ഐടി പ്രിന്‍സിപ്പില്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, എംഡി ഡോക്ടര്‍ ബാജു ജോര്‍ജ്, ദുബായ് ഹോള്‍ഡിങ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് സഞ്ജീവ് കോഷ്ല എന്നിവര്‍ പങ്കെടുത്തു.

Similar Posts