ഡോ. പികെഎന്‍ പണിക്കര്‍ക്ക് കോഴിക്കോടിന്റെ ആദരം
|കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമോഴ്സ് ആന്റ് ഇന്‍ഡസ്ട്രിയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്
പ്രമുഖ എല്ലുരോഗ വിദഗ്ധനും കേരളത്തിലെ ആദ്യത്തെ ഇടുപ്പെല്ല് ശസ്ത്രക്രിയ സര്‍ജനുമായ ഡോക്ടര്‍ പികെഎന്‍ പണിക്കര്‍ക്ക് കോഴിക്കോടിന്റെ ആദരം. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമോഴ്സ് ആന്റ് ഇന്‍ഡസ്ട്രിയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ പികെഎന്‍ പണിക്കര്‍ ആതുരശുശ്രൂഷ രംഗത്ത് 50 വര്‍ഷം പൂര്ത്തിയാക്കിയതോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്..ഡോക്ടര്‍ പണിക്കരെ ആദരിക്കുന്നതിലൂടെ ഒരു ഡോക്ടര്‍ എന്തായിരിക്കണമെന്ന സന്ദേശമാണ് സംഘാടകര്‍ സമൂഹത്തിന് നല്‍കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരു ഡോക്ടറാകാന്‍ താനൊരിക്കലും ആഗ്രഹിച്ചതല്ലെന്നും എഞ്ചിനീയറിങ്ങിനോടായിരുന്നു തനിക്ക് പഠന കാലത്ത് താല്‍പര്യമെന്നും ഡോക്ടര്‍ പികെഎന്‍ പറഞ്ഞു.
കോഴിക്കോട് സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ 28 വര്‍ഷമായി അസ്ഥിരോഗ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍ പി.കെ.എന്‍ പണിക്കര്‍. ഉന്നതമായ പല ജോലികളും ലഭിച്ചെങ്കിലും സാധരണക്കാര്‍ക്ക് ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കുകയെന്ന തന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഈ ആദരിക്കല്‍ ചടങ്ങെന്നും പി.കെ.എന്‍ പണിക്കര്‍ പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയുടെ പ്രശസ്തി പത്രം പി.കെ.എന്‍ പണിക്കര്‍ക്ക് സമര്‍പ്പിച്ചു. മലബാര്‍ മേഖലയിലെ പ്രമുഖ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു