ബാണാസുര സാഗറിന് സമീപത്തെ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമിയില്‍
|സ്ഥലം വിറ്റയാള്‍ തന്നെയാണ് ഈ വിവരം മീഡിയവണ്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയത്
വയനാട് ബാണാസുര സാഗറിനു സമീപം വനത്തോട് ചേര്‍ന്ന് റിസോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് വെളിപ്പെടുത്തല്‍. സ്ഥലം വിറ്റയാള്‍ തന്നെയാണ് ഈ വിവരം മീഡിയവണ്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയത്. ഡാമിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മാണം.
വയനാട് മീനങ്ങാടി സ്വദേശി സലിയില്‍ നിന്ന് സ്ഥലം വാങ്ങിയാണ് പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ബാണാസുര സാഗറിന് സമീപം റിസോര്‍ട്ട് നിരിമിക്കുന്നത്. നേരത്തെ ടി കെ അഹമ്മദ് കുട്ടി ഹാജി എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെസ്റ്റ്ലാന്റ് എസ്റ്റേറ്റ്. ഇതില്‍ 160 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. അവശേഷിച്ച 60 ഏക്കര്‍ ഭൂമി 2000 സെപ്റ്റംബര്‍ നാലിന് സലി വാങ്ങി. നിക്ഷിപ്ത വനഭൂമിയോട് ചേര്‍ന്ന സ്ഥലത്തെ റിസോര്‍ട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ സലിയില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
60 ഏക്കര്‍ ഭൂമി അഹമ്മദ് ഹാജി നേരത്തെ തന്നെ കെഎസ്ഇബിക്ക് വിട്ടു കൊടുത്ത് പണം വാങ്ങിയിരുന്നു. വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കിയാണ് ഈ ഭൂമി സലിക്ക് വിറ്റത്. അഹമ്മദ് കുട്ടി ഹാജി തന്നെയാണ് സലിയോട് ഇക്കാര്യം പറഞ്ഞത്. ഇതോടെയാണ് ഈ ഭൂമി മറിച്ച് വില്‍ക്കാന്‍ തീരുമാനിച്ചത്. ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് പറഞ്ഞാണ് തുച്ഛമായ തുകക്ക് ഈ സ്ഥലം വിറ്റത്.
സലിയുടെ വെളിപ്പെടുത്തല്‍ പ്രകാരം വെസ്റ്റ് ലാന്‍റ് എസ്റ്റേറ്റില്‍ പെട്ടിരുന്ന ഒരു സെന്‍റ് ഭൂമി പോലും സ്വകാര്യ വ്യക്തികളുടെ കൈവശമില്ലെന്ന് വ്യക്തം. ഈ റിസോര്‌ട്ടുകളെല്ലാം ഉയര്‍ന്നിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ.