ചെമ്പന്‍മുടിയിലെ വിവാദ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു
|ചെമ്പന്‍മുടി ജനകീയ സമര സമിതി കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുളള ഉത്തരവിറക്കാന്‍ ധാരണയായത്.
പത്തനംതിട്ട റാന്നി ചെമ്പന്‍മുടിയിലെ വിവാദ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് പുനഃപരിശോധിക്കും. വിഷയം പഠിക്കാന്‍ കളക്ടര്‍ ആര്‍ ഗിരിജയുടെ നേതൃത്വത്തിലുള്ള സംഘം ചെമ്പന്‍മുടി സന്ദര്‍ശിക്കാനും സമരസമിതിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.
ചെമ്പന്‍മുടി ജനകീയ സമര സമിതി കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുളള ഉത്തരവിറക്കാന്‍ ധാരണയായത്. പാറമടക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ഇടയാക്കിയ എല്ലാ ഏജന്‍സികളുടെയും എന്‍ഒസി പുനപ്പരിശോധിക്കും.
എന്നാല്‍ പാറമടയില്‍ നിലവില്‍ ഖനനം ചെയ്തിട്ടിരിക്കുന്ന കരിങ്കല്ല് നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ അനുമതി നല്‍കി. ഇതിനായി സമര സമിതി അംഗവും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതിയെയും നിയോഗിച്ചു. കോടതി അലക്ഷ്യം ഭയന്നാണ് ലൈസന്‍സ് നല്‍കിയതെന്ന നാറാണം മൂഴി പഞ്ചായത്ത് സെക്രട്ടറിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി സമര സമിതി പ്രതികരിച്ചു.
പുതിയ തീരുമാനത്തോടെ സമരത്തിന്റെ രണ്ടാം ഘട്ടം വിജയകരമാണെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. മൂന്ന് വര്‍ഷം മുന്‍പ് ജനകീയ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ ചെമ്പന്‍മുടിയിലെ മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്ത് വീണ്ടും ലൈസന്‍സ് നല്‍കിയതോടെയാണ് പ്രദേശത്ത് ജനകീയ സമരം പുനരാരംഭിച്ചത്.