ഇടപ്പള്ളി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു
|ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനടക്കം പങ്കെടുത്ത ചടങ്ങിലാണ് പാലം ഉദ്ഘാടനം ചെയ്തത്
എറണാകുളം, ഇടപ്പള്ളി മേല്‍പ്പാലം മന്ത്രി സി.രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനടക്കം പങ്കെടുത്ത ചടങ്ങിലാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 78 കോടി രൂപ ചെലവിലാണ് പാലം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പും കേരള റോഡ് ഫണ്ട് അതോറിറ്റിയും സംയുക്തമായി നിര്‍മ്മിച്ച നാലുവരി പാലത്തിന്റെ ഉദ്ഘാടനമാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചത്. എന്‍എച്ച് 47ഉം എന്‍എച്ച് 17ഉം ഒന്നിക്കുന്ന ഇടപ്പള്ളിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറ്. മേല്‍പ്പാലം വന്നതോടെ ഇതിന് പരിഹാരമാകുമെന്ന് മന്ത്രി സി.രവീന്ദനാഥ് പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ് തൊട്ടുടനെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. അതോടെ യാത്രക്കാരും ഹാപ്പി. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി മുതല്‍ ടോള്‍ ജംഗ്ഷന് വരെയായി 480 മീറ്ററാണ് പാലത്തിന്റെ നീളം. 108 കോടി രൂപയാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിരുന്നത്. 78 കോടിയില്‍ ഡിഎംആര്‍സി നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ 30 കോടി രൂപ ലാഭിക്കാനായി. മേല്‍പ്പാലത്തിന് പുറമെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഇടപ്പള്ളിയില്‍ അണ്ടര്‍പാസ് കൂടി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.