Kerala
സൌമ്യ വധക്കേസ്: ആശയക്കുഴപ്പം നീങ്ങിയപ്പോള്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തംസൌമ്യ വധക്കേസ്: ആശയക്കുഴപ്പം നീങ്ങിയപ്പോള്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം
Kerala

സൌമ്യ വധക്കേസ്: ആശയക്കുഴപ്പം നീങ്ങിയപ്പോള്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

Alwyn K Jose
|
3 Jun 2018 2:26 AM GMT

ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും, അവ്യക്തതകള്‍ക്കും ശേഷമാണ് സൌമ്യ വധക്കേസിലെ സുപ്രിം കോടതി വിധിയില്‍ വ്യക്തത കൈവന്നത്.

ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും, അവ്യക്തതകള്‍ക്കും ശേഷമാണ് സൌമ്യ വധക്കേസിലെ സുപ്രിം കോടതി വിധിയില്‍ വ്യക്തത കൈവന്നത്. വധിശിക്ഷ റദ്ദാക്കിയതിനൊപ്പം, ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം തടവ് ഏഴ് വര്‍ഷമാക്കി ചുരുക്കിയതായി വാര്‍ത്താ ചാനലുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബലാത്സംഗക്കുറ്റത്തിന് കീഴ്ക്കോടതികള്‍ വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ അതേ പടി നിലനിര്‍ത്തിയിട്ടുണ്ടെന്ന് വിധിപ്പകര്‍പ്പ് പുറത്ത് വന്നപ്പോള്‍ വ്യക്തമായി.

രാവിലെ 10.30ന് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മൂന്ന് വാചകങ്ങളിലാണ് സൌമ്യ വധക്കേസില്‍ വിധി പ്രസ്താവിച്ചത്. ഐപിസി 302 പ്രകാരം നല്‍കിയിട്ടുള്ള വധശിക്ഷ റദ്ദാക്കുന്ന എന്നതാണ് ആദ്യ വാചകം. ഐപിസി 376, 397, 447 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ശരിവെക്കുന്നതായി തുടര്‍ന്ന് കോടതി പറഞ്ഞു. കൊലക്കുറ്റം റദ്ദാക്കുന്നതിന് പകരമായി, ബോധപൂര്‍വ്വം മാരകമായി പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ സൌമ്യയെ അക്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 325 പ്രകാരം 7 വര്‍ഷത്തെ കഠിന തടവ് അധികമായി ഗോവിന്ദച്ചാമിക്ക് മേല്‍ ചുമത്തുന്നു എന്ന് പറഞ്ഞാണ് വിധി പ്രസ്താവം അവസാനിക്കുന്നത്. ഇത് കേട്ട് തെറ്റിദ്ധരിച്ചാണ് ജീവപര്യന്തമില്ലെന്നും, ഏഴ് വര്‍ഷത്തെ കഠിന തടവ് മാത്രമേ പ്രതി അനുഭവിക്കേണ്ടതുള്ളൂ എന്ന വാര്‍ത്ത പുറത്ത് വന്നത്. കോടതിയില്‍ ഹാജരുണ്ടായിരുന്ന അഭിഭാഷകരും ഇത്തരത്തിലാണ് വിധിയെ കണ്ടത്. പ്രതിഭാഗം അഭിഭാഷകന്‍ പരസ്യമായി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വൈകിട്ട് വിധി പകര്‍പ്പ് പുറത്ത് വന്നപ്പോഴാണ് ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമായത്. വധശിക്ഷ മാത്രമേ റദ്ദാക്കിയിട്ടുള്ളൂ എന്നും ബലാത്സംഗക്കുറ്റത്തിനുള്ള ജീവപര്യന്തം തടവില്‍ ഇടപെടുന്നില്ലെന്നും വിധിപ്പകര്‍പ്പിന്റെ പതിമൂന്ന് ഖണ്ഡികയില്‍ വ്യക്തമാക്കുന്നു.

Similar Posts