Kerala
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രംകേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രം
Kerala

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രം

Subin
|
3 Jun 2018 10:58 AM GMT

പിളര്‍പ്പും കൂടുമാറ്റവുമൊക്കെയാണ് എക്കാലത്തും കേരള രാഷ്ട്രീയത്തെ സജീവമാക്കിയത്.

അരനൂറ്റാണ്ടിലധികം കാലത്തെ പഴക്കമുണ്ട് കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ചരിത്രത്തിന്. കക്ഷികളുടെ കൂറുമാറ്റവും കൂടുമാറ്റവും രാഷ്ട്രീയാന്തരീക്ഷത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സംസ്ഥാനമുണ്ടാവില്ല. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം കണ്ടുതുടങ്ങിയിരുന്നു.

കക്ഷി രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. 1951 തിരുകൊച്ചി തെരഞെടുപ്പു കാലം. കമ്യൂണിസ്റ്റ് പാര്‍ടി, ആര്‍എസ്പി, കെഎസ്പി, പിഎസ്പി എന്നീ കക്ഷികള്‍ ഐക്യമുന്നണിയുണ്ടാക്കുന്നത് ഈ തെരഞ്ഞെടുപ്പ് കാലത്താണ്. കോണ്‍ഗ്രസും ഡെമാക്രാറ്റിക് കോണ്‍ഗ്രസും പരസ്പരം ലയിച്ചാണ് ഈ മുന്നണിയെ അന്ന് നേരിട്ടത്.

പിന്നെയും അന്നുണ്ടായിരുന്ന പ്രബല കക്ഷികള്‍ പരസ്പരം സഖ്യം ചേരുകയും തെരഞ്ഞെടുപ്പുകളെ നേരിടുകയും ചെയ്തു. ഐക്യ കേരളം ആദ്യം ഭരിച്ചത് 1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. 60 അംഗങ്ങളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് സ്വതന്ത്രരായ 5 അംഗങ്ങള്‍ പിന്തുണ. തെരഞ്ഞെടുപ്പുകളില്‍ പിന്നെയും കക്ഷികള്‍ പരസ്പരം ഒന്നിക്കുകയും അകലുകയും ചെയ്തു. ഇതിനിടെ സപ്തകക്ഷി മുന്നണിയും അധികാരത്തിലെത്തി.

പിന്നീട് 1977ലാണ് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. രാജന് കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ രാജിവക്കുകയും എ കെ ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇന്നിപ്പോള്‍ കാണുന്ന രൂപത്തിലുള്ള എല്‍ഡിഎഫ് യുഡിഎഫ് മുന്നണി സമ്പ്രദായം വരുന്നത് 1970കളുടെ അവസാനത്തോടെയാണ്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സിപിഐ കക്ഷികള്‍ ഇടതുജനാധിപത്യ മുന്നണി അധികാരത്തിലെത്തി. എ കെ നായനാര്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്നെത്തിയ എ കെ ആന്റണിയുടെ കോണ്‍ഗ്രസും ഇടതിനൊപ്പം. ഈ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ നായനാര്‍ സര്‍ക്കാര്‍ താഴെ പോയി.

രാഷ്ടപതി ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിയും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണിയും രാഷ്ടീയ ചിത്രത്തില്‍ വ്യക്തത നേടിയിരുന്നു. കോണ്‍ഗ്രസ് ഐക്ക് പുറമെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, എന്‍ഡിപി, എസ്ആര്‍പി, ആര്‍എസ്പി, ജനത(ജി), പിഎസ്പി എന്നീ കക്ഷികള്‍ യുഡിഎഫിലും സിപിഎം സിപിഐ ആര്‍എസ്പി, ജനത, അഖിലേന്ത്യാ മുസ്ലിം ലിഗ് എന്നിവര്‍ എല്‍ഡിഎഫിലും. കേരളകോണ്‍ഗ്രസ് രൂപീകരണവും പിളര്‍പ്പും മുസ്ലിം ലീഗിലെ പിളര്‍പുമെല്ലാം ഇതിനിടയില്‍ രാഷ്ട്രീയ ഗതിവിഗതികളെ പലതവണ സ്വാധീനിച്ചു. പിളര്‍പ്പും കൂടുമാറ്റവുമൊക്കെയാണ് എക്കാലത്തും കേരള രാഷ്ട്രീയത്തെ സജീവമാക്കിയത്.

Related Tags :
Similar Posts