സിപിഎമ്മിനെ വെട്ടിലാക്കി രാമഭദ്രന് കൊലക്കേസ് അന്വേഷണം
|രാമഭദ്രന് കൊലക്കേസില്‍ സിപിഎം നേതാക്കളെ വെട്ടിലാക്കിയത് കേസില്‍ പ്രതിയായ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിബിഐക്ക് നല്കിയ മൊഴിയാണ്.
രാമഭദ്രന് കൊലക്കേസില്‍ സിപിഎം നേതാക്കളെ വെട്ടിലാക്കിയത് കേസില്‍ പ്രതിയായ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിബിഐക്ക് നല്കിയ മൊഴിയാണ്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ജില്ലയിലെ ഉയര്‍ന്ന സിപിഎം നേതാക്കളാണെന്നായിരുന്നു ഇയാള്‍ സിബിഐക്ക് മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റിലായവരെല്ലാം കൊലപാതകത്തില്‍ പങ്കുളളവര്‍ തന്നെയാണെന്ന് രാമഭദ്രന്റെ ഭാര്യ ബിന്ദു രാമഭദ്രന് പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കാന്‍ 2015ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനായിരുന്നു കേസില്‍ അന്വേഷണ ചുമതല. നൂറിലധികം പേരില്‍ നിന്നും സിബിഐ ഇതിനോടകം മൊഴി എടുത്തിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നല്കിയ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. രാമഭദ്രന്റെ കാര്യങ്ങള്‍ നന്നായി മനസിലാക്കണമെന്ന് പുനലൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന കെ ബാബു പണിക്കര്‍ അന്നത്തെ ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നായിരുന്ന ഇയാളുടെ മൊഴി. സിപിഎം പ്രവര്ത്തകന് നെട്ടയം ഗിരീഷിനെ ആക്രമിച്ചതിന് പകരം ചോദിക്കണമെന്ന് ഫോണ്‍ മുഖാന്തരം നേതാക്കള്‍ പറഞ്ഞിരുന്നതായും ഇയാള്‍ സിബിഐക്ക് മൊഴി നല്കി.
പുനലൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുന്‍പാകെ 164 പ്രകാരം സമാനമായ മൊഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നേരത്തെ നല്‍കുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണമെന്ന് സിബിഐ വൃത്തങ്ങളും വ്യകതമാക്കി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത എല്ലാവരും കൊലപാതകത്തില്‍ പങ്കുള്ളവരാണെന്ന് രാമഭദ്രന്റെ ഭാര്യ ബിന്ദു രാമഭദ്രനും പ്രതികരിച്ചു. ആറ് വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം അറസ്റ്റിലായത് കൊല്ലത്ത് സിപിഎമ്മിനേയും ഞെട്ടിച്ചിരിക്കുകയാണ്.