Kerala
ത്രോയിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാട്ടിക്കുളം ജി.എച്ച്.എസ്.എസ്ത്രോയിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാട്ടിക്കുളം ജി.എച്ച്.എസ്.എസ്
Kerala

ത്രോയിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാട്ടിക്കുളം ജി.എച്ച്.എസ്.എസ്

Ubaid
|
3 Jun 2018 7:24 AM GMT

ജില്ലാ സ്കൂള്‍ കായിക മേളക്ക് കാട്ടിക്കുളത്തെ ഗവണ്‍മെന്റെ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് വന്ന 30 കുട്ടികളില്‍ 27 പേരും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്

സംസ്ഥാന സ്കൂള്‍ കായിക മേളക്ക് കാട്ടിക്കുളം ഗവണ്‍മെന്റെ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വരുന്നത് ത്രോയിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. അടിസ്ഥാന സൌകര്യങ്ങളില്ലാതെ ഏറെ പരാതീനതകളോടെ ജില്ലാമേളയില്‍ പങ്കെടുത്ത മുപ്പതില്‍ പതിനഞ്ച് പേരും സംസ്ഥാന മീറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലയായ കാട്ടികുളത്ത് നിന്ന് സ്വന്തം ചിലവില്‍ കുട്ടികളെ പരിശീലിപ്പിച്ച് മേളക്കെത്തിച്ച ഗിരീഷ് മാഷിനുള്ളതാണ് ഫുള്‍ക്രഡിറ്റും.

ജില്ലാ സ്കൂള്‍ കായിക മേളക്ക് കാട്ടിക്കുളത്തെ ഗവണ്‍മെന്റെ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് വന്ന 30 കുട്ടികളില്‍ 27 പേരും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. പണിയ, നായ്ക്ക, കുറുമ വിഭാഗത്തില്‍ പെട്ട കുട്ടികളില്‍ കൂടുതലും ത്രോ, ദീര്‍ഘദൂര ഓട്ടം, തുടങ്ങിയ മത്സരങ്ങളിലാണ് പങ്കെടുത്തതും വിജയിച്ചതും. വിദ്യാലയത്തില്‍ നിന്ന് കായികമേളക്ക് യാതൊരു സഹായവും ലഭിച്ചില്ലെങ്കിലും ഗിരീഷ് മാഷിന്റെ നേതൃത്വത്തിലുള്ള കാട്ടിക്കുളം അത്‍ലറ്റിക്സ് അക്കാദമി കുട്ടികളെ മേളക്കെത്തിച്ചു.

എല്ലാവരും പ്രതീക്ഷയുള്ള താരങ്ങള്‍. നല്ല പരീശിലനം നല്‍കാനോ അവരെ നാളേക്ക് വേണ്ടി വാര്‍ത്തെടുക്കാനോ ആരും തയ്യാറല്ലെന്ന് മാത്രം. പക്ഷെ ഒ.പി ജയ്ഷയെ പോലുള്ള വലിയ താരങ്ങളുടെ പാതയിലേക്ക് തങ്ങളുമെത്തുമെന്ന് ഈ കുട്ടിത്താരങ്ങള്‍ക്കും പ്രതീക്ഷയുണ്ട്. സാമ്പത്തിക പരാധീനത മൂലം അക്കാദമി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് ഗിരീഷ് മാഷ്. ഗീരിഷ് മാഷിനെപ്പോലെ ആരെങ്കിലും കൈത്താങ്ങാവാന്‍ എത്തിയില്ലെങ്കില്‍ നാളെയുടെ കുറെ നല്ല താരങ്ങള്‍ ഈ സ്കൂള്‍ കായിക മേളക്ക് ശേഷം കൂലിപ്പണിക്ക് പോകുന്നത് നമ്മള്‍ കാണേണ്ടി വരും.

Similar Posts