Kerala
ദൃശ്യമാധ്യമ സംസ്കാരത്തെ നവീകരിച്ച പ്രതിഭദൃശ്യമാധ്യമ സംസ്കാരത്തെ നവീകരിച്ച പ്രതിഭ
Kerala

ദൃശ്യമാധ്യമ സംസ്കാരത്തെ നവീകരിച്ച പ്രതിഭ

admin
|
3 Jun 2018 1:47 AM GMT

ചിരപരിചിതമായ ദൃശ്യമാധ്യമ സംസ്കാരത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ ബാബു ഭരദ്വാജിന് കഴിഞ്ഞു

ബാബു ഭരദ്വാജ് കയ്യൊപ്പു ചാര്‍ത്തിയ മേഖലകളെല്ലാം വ്യത്യസ്തമാകുന്നത് അദ്ദേഹത്തിന്റെ വ്യക്തിവൈഭവം കൊണ്ടുമാത്രമാണ്. ദൃശ്യമാധ്യമരംഗത്തെ പരിപാടികള്‍ കേവലം വിനോദോപാധി മാത്രമല്ലെന്നും എങ്ങനെ അതിനെ മൂല്യാധിഷ്ഠിതയും ഒപ്പം പ്രേക്ഷക സ്വീകാര്യതയും നല്‍കാമെന്നും മീഡിയവണിലൂടെ അദ്ദേഹം കാണിച്ചുതന്നു. മീഡിയവണ്‍ ചാനലിന്റെ വളര്‍ച്ചയില്‍‍ വ്യക്തമായ പങ്ക് വഹിച്ച വ്യക്തിയാണ് ബാബു ഭരദ്വാജ്.

ചിരപരിചിതമായ ദൃശ്യമാധ്യമ സംസ്കാരത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ ബാബുവേട്ടന്‍ നടത്തിയ പരിശ്രമങ്ങള്‍ ഒട്ടും ചെറുതല്ല. അരോചകവും ദൃശ്യവൈകൃതങ്ങളും എത്രമാത്രം ചാനല്‍ ഷോകളില്‍ നിറഞ്ഞുനിന്നിരുന്നുവെന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കാന്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്ത പരിപാടികള്‍ക്കായി. ദൃശ്യങ്ങള്‍ക്ക് മിഴിവേകുന്നത് കേവലം ഭൌതിക സൌന്ദര്യങ്ങളെല്ലെന്നും വിഭിന്നമായ ചിന്തകളും ഭാവനകളും യാഥാര്‍ഥ്യങ്ങളും കൂടിച്ചേരുന്നിടത്താണ് അതിന്റെ സൌന്ദര്യമെന്നും അദ്ദേഹം തെളിയിച്ചു. ഇതിനുളള മികച്ച ഉദാഹരണമാണ് മീഡിയവണ്‍ ചാനലിലൂടെ പ്രശസ്തമായ ഞാന്‍ സ്ത്രീ എന്ന പരിപാടി. പ്രവാസികളുടെ ജീവിതങ്ങളെ എന്നും പിന്‍തുടര്‍ന്ന അദ്ദേഹം മീഡിയവണിലൂടെ തന്നെ പ്രവാസി നോവുകളും സ്വപ്നങ്ങളും 'ദേശാടനം' എന്ന പരിപാടിയിലൂടെ വരച്ചുകാട്ടി.

മാധ്യമം ദിനപത്രത്തിലെ വഴിപോക്കന്റെ നേരമെന്ന പ്രവാസികളെക്കുറിച്ചുളള പംക്തിയും ഏറെ ശ്രദ്ധേയമാണ്. ദൃശ്യമാധ്യമങ്ങളിലെ പരിപാടികള്‍ക്ക് ഒരു പൊളിച്ചെഴുത്ത് നല്‍കിക്കൊണ്ടാണ് അദ്ദേഹം മീഡിയവണില്‍ നിന്നും പടിയിറങ്ങിയത്.

കൈരളി ടിവി ചാനലിന്റെ തുടക്കം മുതല്‍ ക്രിയേറ്റിവ് എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ചിന്ത വാരികയുടെ എഡിറ്റര്‍, ഡൂള്‍ ന്യൂസ് എഡിറ്റര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു.

Related Tags :
Similar Posts