തൃശൂര്‍ പൂരാവേശത്തില്‍
|കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി
തൃശൂര്‍ നഗരം പൂരലഹരിയിലാണ്. പ്രസിദ്ധമായ മഠത്തില്‍ വരവാണ് ഇപ്പോള്‍ നടക്കുന്നത്. പൂരത്തിന്റെ ആവേശത്തിലേക്കിറങ്ങി പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാന്‍ ആയിരങ്ങളാണ് പൂരനഗരിയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ വടക്കുംനാഥ സന്നിധിയിലേക്കുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചു. എഴുന്നള്ളിപ്പ് പൂര്‍ത്തിയായാലുടന്‍ ഇലഞ്ഞിത്തറ മേളം ആരംഭിക്കും.
പൂരത്തിന് ആവേശം പകർന്ന് ഘടക പൂരങ്ങള്‍ എത്തി. കണിമംഗലം ശാസ്ത ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നെള്ളിപ്പ് തെക്കെ ഗോപുരനട കടന്ന് വടക്കുന്നാഥ മതിൽക്കകത്ത് പ്രവേശിച്ചതോടെയാണ് പൂര നാളിലെ ചടങ്ങുകൾക്ക് തുടക്കമായത്.
ഘടക പൂരങ്ങളിൽ ആദ്യമെത്തിയത് കണിമംഗലം ശാസ്താവിന്റെ ക്ഷേത്രത്തിൽ നിന്നായിരുന്നു. ഏഴാനകളുടെ അകമ്പടിയോടെ വടക്കുന്നാഥ സന്നിധിയിൽ കണിമംഗലത്തിന്റെ പൂരമെത്തി. തെക്കേ ഗോപുരം കടന്ന് കണിമംഗലം മടങ്ങിയതോടെ ചെറു പൂരങ്ങൾ ഓരോന്നായി ശ്രീമൂല സ്ഥാനത്ത് കൊട്ടിയെത്തി. കാരമുക്കിന്റെ എഴുന്നള്ളിപ്പിനൊപ്പം പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളം അകമ്പടിയായി.
ഉച്ചയോടെ പൂരംവിളംബരം ചെയ്ത കുറ്റൂർ നെയ്തലക്കാവിലമ്മ മടങ്ങിയതോടെ ഘടക പൂരങ്ങളുടെ വരവിന് സമാപനമായി. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങി കഴിഞ്ഞു.