പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് മീഡിയവണിന്റെ സ്മരണാഞ്ജലി
|റോഡപകടങ്ങള്‍ കവരുന്ന മനുഷ്യ ജീവനുകളുടെ എണ്ണം കൂടി വരുന്നതിനാല്‍ ബോധവല്‍ക്കരണം ബാധ്യതയായി സമൂഹം ഏറ്റെടുത്തേ മതിയാകൂവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.
പതിനാറ് വര്‍ഷം മുന്‍പ് നടന്ന മലപ്പുറം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് മീഡിയാവണിന്റെ സ്മരണാഞ്ജലി. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഉള്‍പ്പെടെ പങ്കാളികളായ സ്മരണാഞ്ജലിയില്‍ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. മീഡിയാവണും ഇറാം മോട്ടോഴ്സും ചേര്‍ന്ന് നടത്തുന്ന ശുഭയാത്ര കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് നടന്ന ദുരന്തം ഓര്മകളിലെത്തിച്ച് റോഡ് നിയമങ്ങളുടെ ഗൗരവം ചര്‍ച്ച ചെയ്യാനാണ് ഓര്മ എന്ന പേരില്‍ പൂക്കിപ്പറമ്പില്‍ ചടങ്ങ് സംഘടിപ്പിച്ചത്. റോഡപകടങ്ങള്‍ കവരുന്ന മനുഷ്യ ജീവനുകളുടെ എണ്ണം കൂടി വരുന്നതിനാല്‍ ബോധവല്‍ക്കരണം ബാധ്യതയായി സമൂഹം ഏറ്റെടുത്തേ മതിയാകൂവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പൂക്കിപ്പറമ്പ് ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ തങ്ങളുടെ അനുഭവം പങ്കിട്ടു.
ട്രാഫിക് ബോധവല്‍ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെഎച്ച്എം സ്കൂളിലെ ടാസ്ക് ഫോഴ്സിനെ ചടങ്ങില്‍ ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്, ട്രാന്‍സ്പോര്‍ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. മുഹമ്മദ് നജീബ്, റോഡ് സുരക്ഷാ വിദഗ്ധന്‍ ഉപേന്ദ്രനാരായണന്, ഇറാം മോട്ടോഴ്സ് ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് യൂഷാ നരന് ചിറക്കല്‍ , മീഡിയവണ്‍ സിഇഒ എം അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.