മലയാളം സര്‍വ്വകലാശാലക്കായി കണ്ടെത്തിയ ഭൂമിക്ക് വില നിശ്ചയിച്ചത് തരം പരിഗണിക്കാതെ
|മൂന്നിലൊന്ന് ഭാഗം ചതുപ്പ് നിലമായിട്ടും മുഴുവന്‍ ഭൂമിക്കും ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റി ഒരേ വിലയാണ് നിശ്ചയിച്ചത്
മലയാളം സര്‍വ്വകലാശാലക്കായി തിരൂര്‍ വെട്ടത്ത് കണ്ടെത്തിയ ഭൂമിക്ക് റവന്യൂ വകുപ്പ് വില നിശ്ചയിച്ചത് ഭൂമിയുടെ തരം പരിഗണിക്കാതെ. മൂന്നിലൊന്ന് ഭാഗം ചതുപ്പ് നിലമായിട്ടും മുഴുവന്‍ ഭൂമിക്കും ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റി ഒരേ വിലയാണ് നിശ്ചയിച്ചത്.
വെട്ടം വില്ലേജിലെ പരിയാപുരത്ത് ഏറ്റെടുക്കാന്‍ നിശ്ചയിച്ച ഭൂമിയുടെ ന്യായവില സെന്റിന് അയ്യായിരം മുതല്‍ 7500 രൂപ വരെയാണ്. സമീപത്ത് അടുത്തിടെ നടന്ന ഭൂമി ഇടപാടുകളില്‍ രേഖകളില്‍ കാണിച്ച ശരാശരി വിലയാകട്ടെ 41000വും. സര്‍വകലാശാലക്കായി ഏറ്റെടുക്കാന്‍ നിശ്ചയിച്ച 17.2 ഏക്കര്‍ ഭൂമി മൂന്ന് വിഭാഗത്തില്‍ പെടുന്നതാണ്. ഇതില്‍ ആറ് ഏക്കര്‍ നഞ്ച അഥവാ ചതുപ്പ് നിലമാണ്. പ്രദേശത്തെ ഭൂമി വിലയുടെ പത്തിലൊന്ന് മാത്രമേ ചതുപ്പ് നിലത്തിന് കണക്കാക്കാറുള്ളൂ. ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയില്‍ ചതുപ്പ് നിലത്തിന് വേറെ തന്നെ വില നിശ്ചയിക്കേണ്ടതുമാണ്. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് മലപ്പുറം ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റി വില നിശ്ചയിച്ചപ്പോള്‍ ചതുപ്പ് ഭൂമിക്കും കര ഭൂമിക്ക് തുല്യമായ വിലയാണ് കണക്കാക്കിയത്.
സെന്റിന് 170,000 രൂപ സെന്റിന് വെച്ച് 17.2 ഏക്കര്‍ ഭൂമിക്ക് ഇരുപത്തിഒന്പതേ കാല് കോടി രൂപ നിശ്ചയിച്ചു. അസാധാരണ നടപടിക്രമങ്ങളിലൂടെ ഭൂമിക്ക് ഉയര്‍ന്ന വില നിശ്ചയിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന ചോദ്യമാണ് ഉയരുന്നത്. സര്‍വ്വകലാശാലക്ക് ഭൂമി കണ്ടെത്തിയത് മുതല്‍ വില നിശ്ചയിച്ചത് വരെയുള്ള നടപടികളിലെ ദുരൂഹത നീക്കാന്‍ സമഗ്രമായ ഒരു അന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ.