വര്‍ഗീയ പരാമര്‍ശം: സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തും
|അതേസമയം കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍കുമാര്‍
വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ഡിജിപി ടിപി സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് ഉടന്‍ രേഖപ്പെടുത്തിയേക്കും.സെന്‍കുമാറിനെ കൂടാതെ പ്രസാധകരുടേയും മൊഴി രേഖപ്പെടത്തിയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളു.അതേസമയം കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍കുമാര്‍. സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ എഡിഷന് നല്കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ വര്‍ഗീയ പരാമര്ശങ്ങളെക്കിതിരെയാണ് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍പൊലീസ് ഇന്നലെ കേസ്സെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമാര്‍ശം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമനം 153(എ), ഐ.ടി നിയമം എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിന്നു ക്രൈം ബ്രാഞ്ചിന്റെ നടപടി.
കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അന്വേഷണ സംഘം സെന്‍കുമാറിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. എന്നാല്‍ കേസിനെ നിയമപരമായി നേരിടാനാണ് സെന്‍കുമാറിന്റെ നീക്കമെന്നാണ് സൂചന. തനിക്കെതിരെയുള്ള എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കോടതിയെ സമീപിച്ചേക്കും.
ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം വിവാദമായതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണെന്നാണ് സെന്‍കുമാറിന്റെ നിലപാട്. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ലേഖകന്റെയും പത്രാധിപരുടെയും മൊഴിയുമെടുക്കും.