ശബ്ദവര്‍ണ വിസ്മയം തീര്‍ത്ത് തൃശ്ശൂര്‍പൂരം വെടിക്കെട്ട്
|പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച വെടിക്കെട്ട് 6 മണിയോടെയാണ് അവസാനിച്ചത്.
ശബ്ദവര്‍ണ്ണ വിസ്മയം തീര്‍ത്ത് തൃശ്ശൂര്‍പൂരം വെടിക്കെട്ട് നടന്നു. പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച വെടിക്കെട്ട് 6 മണിയോടെയാണ് അവസാനിച്ചത്. നിയന്ത്രണങ്ങള്‍ക്ക് നടുവിലും ഇത്തവണയും തിരുവമ്പാടിയും പാറമേക്കാവും പൂരപ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ പുത്തന്‍ ദൃശ്യാനുഭവമാണ് പകര്‍ന്ന് നല്കിയത്.
മണിക്കൂറുകള്‍ നീണ്ട പൂരപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ തിരുവമ്പാടിയാണ് ഇത്തവണയും ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. നായ്കനാലില്‍ നിന്നും അമിട്ടുകളില്‍ തുടങ്ങി നടുവിലാലില്‍ എത്തിയതോടെ ഇത് കൂട്ടപ്പൊരിച്ചിലായി മാറി.
ഒരു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷമാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്.
തുടര്‍ന്ന് മാനത്ത് വര്‍ണ്ണത്തിളക്കമേകി ഇരു വിഭാഗത്തിന്റെയും അമിട്ടുകള്‍ എത്തി.
സസ്പെന്‍സ് അമിട്ടുകള്‍ പുറത്തെടുത്തപ്പോഴെല്ലാം ഇരുവിഭാഗം കൃത്യമായ മറുപടിയും പരസ്പരം നല്കി.
നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വരാജ് റൌണ്ടിലും പരിസരത്തും തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് പൂരപ്രേമികളെ സാക്ഷിയാക്കിയായിരുന്നു വെടിക്കെട്ട്.
പൂരത്തിന് ഇന്ന് കൊടിയിറങ്ങും. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥന് മുന്‍പില്‍ വീണ്ടും കാണാമെന്ന് ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് പൂരത്തിന് സമാപനമാകുന്നത്. രാവിലെ പകല്‍പ്പൂരം നടക്കും. ചടങ്ങുകള്‍ക്കായി പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ട് മണിയോടെ തന്നെ എഴുന്നള്ളും. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും പാണ്ടിമേളവും കുടമാറ്റവും നടക്കും. തുടര്‍ന്നാണ് ശ്രീമൂലസ്ഥാനത്ത് നിന്നുള്ള ദേവിമാരുടെ ഉപചാരം ചൊല്ലല്‍. 12 മണിയോടുകൂടി പൂരത്തിന്റെ ചടങ്ങുകള്‍ ഔപചാരികമായി സമാപിക്കും.