എംകെ ദാമോദരന്‍ അന്തരിച്ചു
|മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്നു
പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം.കെ.ദാമോദരന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എസ്എന്‍സി ലാവലിന്, ഐസ് ക്രീം പാര്‍ലര്‍, ലോട്ടറി തുടങ്ങി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകള് വാദിച്ചത് എം കെ ദാമോദരനായിരുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖനായ അഭിഭാഷകനായിരുന്നു എം കെ ദാമോദരന്‍. തലശേരി സ്വദേശിയായിരുന്ന ദാമോദരന്‍ പഠനകാലത്ത് വിദ്യാത്ഥി സംഘടന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
എറണാകുളം ലേ കോളജില് നിന്ന് നിയമബിരുദം നേടിയ ശേഷം 1964ലാണ് അഭിഭാഷകനായി പ്രവത്തനം ആരംഭിച്ചത്. തലശേരി കോടതിയിലൂടെ ആയിരുന്നു തുടക്കം. അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില് ദാമോദരനായിരുന്നു പ്രതികള്ക്ക് വേണ്ടി ഹാജരായത്. 1996 മുതല്‍ 2001 വരെയുള്ള നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അഡ്വക്കേറ്റ് ജനറലായി നിയമിതനായത്. ഇക്കാലത്ത് ഐസ് ക്രീം പാര്‍ലര്‍, സൂര്യനെല്ലി തുടങ്ങിയ പ്രമാദമായ കേസുകളില് സര്‍ക്കാരിന് വേണ്ടി ഹാജരായത് ദാമോദരനായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്നുവെങ്കിലും കെഎം മാണിക്കും ലോട്ടറി സാന്തിയാഗോ മാര്‍ട്ടിനു വേണ്ടിയും ഹാജരായത് വിവാദത്തിനിടയാക്കിയിരുന്നു. എസ്എന്‍സി ലാവലിന് കേസില്
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായത് എം കെ ദാമോദരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ.ദാമോദരനെ പരിഗണിച്ചിരുന്നു. എന്നാല്‍ വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ പദവി വേണ്ടെന്ന് വെക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്കും ആദ്യം പരിഗണിച്ചിരുന്നത് അഡ്വ. ദാമോദരനെയായിരുന്നു.
ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സാന്‍റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ കക്ഷിയായ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കെ പ്രതികള്‍ക്കുവേണ്ടി അഡ്വ. ദാമോദരന്‍ ഹാജരായത് സര്‍ക്കാരിനെ വെട്ടില്‍ വീഴ്ത്തിയിരുന്നു.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. സുപ്രീം കോടതിയിലും നിരവധി പ്രധാന കേസുകള് വാദിച്ചിട്ടുണ്ട്. ശാന്തയാണ് ഭാര്യ, തനുശ്രി മകളാണ്.