നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി വേണമെന്ന് അന്വേഷണസംഘം
|നടിയെ ആക്രമിച്ച കേസില്‍ അടുത്ത ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. സ്ത്രീകളുടെയും കുട്ടികളുടെയും കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യമാണ് അന്വേഷണസംഘം മുന്നോട്ട് വെക്കുക. കേസില്‍ ഈ മാസം 6ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനമെടുത്തിരുന്നു.
ദിലീപ് അറസ്റ്റിലായി 90 ദിവസം തികയാനിരിക്കിയെയാണ് ഈ മാസം 6ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേസില്‍ വിചാരണ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതി വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സ്വാധീനമുള്ളയാള്‍ ഉള്‍പ്പെട്ട കേസ് എന്ന നിലയിലും സ്ത്രീക്കെതിരായ അതിക്രമം എന്ന കാര്യം പരിഗണിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെടുക. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരായി പഴുതടച്ച കുറ്റപത്രം തയ്യാറായി കഴിഞ്ഞതായാണ് സൂചന. മാസങ്ങള്‍ നീണ്ട ഗൂഢാലോചനക്കൊടുവിലാണ് നടിക്കെതിരായി ആക്രമണം നടന്നതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടികാണിക്കും. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും തെളിവുകളായി അവതരിപ്പിക്കും. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിക്കുക. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസില്‍ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്.