സംസ്ഥാനത്ത് തുലാവര്‍ഷമെത്തി
|വടക്ക് കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ചതായും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. വടക്ക് കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ചതായും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
സാധാരണ ഒക്ടോബര്‍ 20ആം തിയതിയോടു കൂടിയാണ് തുലാവര്‍ഷമെത്താറ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഏഴ് ദിവസം വൈകിയാണ് തുലാവര്‍ഷമെത്തിയത്. ഉച്ചക്ക് മുന്‍പ് തെളിഞ്ഞ കാലാവസ്ഥയും ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസം മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും പരക്കെ മഴ പെയ്തത് തുലാവര്‍ഷത്തിന്റെ സൂചന നല്‍കിയിരുന്നു. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച മഴയാണ് ലഭിച്ചത്. തുലാവര്‍ഷത്തിലും മികച്ച മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.