സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
|കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഭരണകൂടത്തെ തകര്‍ക്കാനാണ് ശ്രമം. കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നടന്ന ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ നീക്കത്തിന്റെ ഭാഗമാണ് ഹൈക്കോടതിയിലെത്തിയ ഹര്‍ജിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റിനുള്ളത് പൊതുതാത്പര്യമല്ല. ബിജെപിയുടെ നിയമന്ത്രണത്തിലുളള ട്രസ്റ്റിനുളളത് രാഷ്ട്രീയ താത്പര്യമാണ്. ട്രസ്റ്റിന് കീഴിലുള്ള സ്കൂളുകളില്‍ ആര്‍എസ്എസ് ആയോധന പരിശീലനം നടത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.അന്വേഷണം ഏറ്റെടുക്കാമെന്ന സിബിെഎയുടെ നിലപാടും ദുരുദ്ദേശപരമാണ്.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ധിക്കുകയാണെന്ന് കാണിച്ച് ഈ സംഘടനകള്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചു. സമാന സ്വഭാവമുള്ള കത്തുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പല സംഘടനകളുടെ പേരില്‍ രാഷ്ട്രപതിക്കയച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനായി നടത്തുന്ന സംഘടിത നീക്കങ്ങളെ തുറന്നുകാട്ടാനാണ് കേസില്‍ വിശദമായ അധിക സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.