Kerala
ഫോണ്‍ കെണി വിവാദം: ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് റിപ്പോര്‍ട്ട്ഫോണ്‍ കെണി വിവാദം: ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് റിപ്പോര്‍ട്ട്
Kerala

ഫോണ്‍ കെണി വിവാദം: ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് റിപ്പോര്‍ട്ട്

Muhsina
|
3 Jun 2018 12:05 AM GMT

ഫോണ്‍കെണിയൊരുക്കിയ ചാനലിന്റെ ലൈസസന്‍സ് റദ്ദാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ശിപാര്‍ശയുണ്ട്. ചാനല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും..

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ ചാനല്‍ ഫോണ്‍ കെണിയില്‍ കുടുക്കിയതാണെന്ന് ജു‍ഡീഷ്യല്‍ കമ്മിഷന്‍. ഗൂഢാലോചന കുറ്റത്തിന് ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യണമെന്നും പി എസ് ആന്‌റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. ശശീന്ദ്രന്‍ കുറ്റം ചെയ്തതായി പറയുന്നില്ലെങ്കിലും മന്ത്രിപദവിക്ക് യോജിക്കാത്ത പെരുമാറ്റമുണ്ടായെന്നാണ് കമ്മിഷന്‍റെ കണ്ടെത്തല്‍.

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ അഭിമുഖത്തിന് സമീപിച്ച ചാനല്‍ പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിലാണ് ഏഴ് മാസത്തിന് ശേഷം പി എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ലക്ഷ്യമിട്ട് ചാനല്‍ ആസൂത്രണം ചെയ്തതാണ് വിവാദസംഭവമെന്നാണ് കമ്മിഷന്‍റെ കണ്ടെത്തല്‍. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ചാനല്‍ മേധാവിയെ നിയമനടപടിക്ക് വിധേയമാക്കണം. നിലവിലെ നിയമപ്രകാരം സംപ്രേഷണം ചെയ്യാന്‍ പാടില്ലാത്ത അശ്ലീല ഓഡിയോ ടേപ്പ് പുറത്തുവിട്ട ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ശിപാര്‍ശ ചെയ്യണം. കുറ്റക്കാര്‍ക്കെതിരെ നിലവിലുള്ള കേസ് മുന്നോട്ട് കൊണ്ടുപോകണം. ഓഡിയോ ടേപ്പിന്റെ പൂര്‍ണഭാഗം നല്‍കാന്‍ ചാനല്‍ തയ്യാറായില്ല. ലാപ്ടോപ് മോഷണം പോയെന്നാണ് അറിയിച്ചത്. പരാതിക്കാരിയായ ചാനല്‍റിപ്പോര്‍ട്ടര്‍ നേരിട്ട് ഹാജരായതുമില്ല. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാരിനുണ്ടായ ചെലവ് ചാനലില്‍ നിന്ന് ഈടാക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

അതേസമയം മന്ത്രി പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതായില്ല ശശീന്ദ്രന്റെ പെരുമാറ്റമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

പ്രസ് കൌണ്‍സില്‍ പോലെ ദൃശ്യമാധ്യമങ്ങളെയും നിരീക്ഷിക്കാനും സംരക്ഷിക്കാനും അതോറിറ്റിയും സമഗ്രനിയമവും വേണമെന്നും പി എസ് ആന്റണി ശിപാര്‍ശ ചെയ്യുന്നു. രണ്ട് വാള്യങ്ങളിലായി 405 പേജ് വരുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

Similar Posts