Kerala
ഗെയില്‍ സമരം: മുക്കത്ത് 24 മണിക്കൂര്‍ കൂട്ടഉപവാസംഗെയില്‍ സമരം: മുക്കത്ത് 24 മണിക്കൂര്‍ കൂട്ടഉപവാസം
Kerala

ഗെയില്‍ സമരം: മുക്കത്ത് 24 മണിക്കൂര്‍ കൂട്ടഉപവാസം

Sithara
|
3 Jun 2018 10:28 AM GMT

പൈപ്പ് ലൈനിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുക്കത്ത് യുവജന പ്രതിരോധം

ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് മുക്കത്ത് ഗെയില്‍ ഇരകളുടെ 24 മണിക്കൂര്‍ കൂട്ടഉപവാസം. പിഞ്ചുകുട്ടികളുള്‍പ്പെടെയുള്ളവരെ ഉപവാസത്തിനെത്തിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൈപ്പ് ലൈനിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുക്കത്ത് യുവജന പ്രതിരോധവും സംഘടിപ്പിച്ചിട്ടുണ്ട്.

ജനവാസ മേഖലയിലൂടെ തന്നെ പൈപ്പ് ലൈനുമായി ഗെയില്‍ മുന്നോട്ട് പോകുകയാണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷ സമരത്തിന്റെ മാര്‍ഗത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് മുക്കത്തെയും പരിസര പ്രദേശങ്ങളിലേയും ഗെയില്‍ ഇരകള്‍. മുക്കത്തും സമീപ പ്രദേശങ്ങളിലുമായി ഇതിനോടകം നിരവധി സമര പന്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കാരശ്ശേരിയിലെ സര്‍ക്കാര്‍ ഭൂമിയിലുയര്‍ന്ന സമര പന്തലിലാണ് 24 മണിക്കൂര്‍ ഉപവാസം സംഘടിപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലയില്‍ നിന്ന് പൈപ്പ് ലൈന്‍ മാറ്റണമെന്ന ആവശ്യം ശക്തമായി നിലനിര്‍ത്താന്‍ സമര സമിതിക്കൊപ്പം ലീഗ് സംസ്ഥാന നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്

ഗെയില്‍ സമരത്തിന്റ മറവില്‍ നിരപരാധികളെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഭരണകൂട വേട്ടയാണ് മുക്കത്തും പരിസരങ്ങളിലും നടക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുക്കത്ത് നടക്കുന്ന യുവജന പ്രതിരോധം പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. ലീഗ് നേതൃത്വത്തിന്റെ പരസ്യ പിന്തുണ സമരത്തിന് പുതു ജീവന്‍ നല്‍കുമെന്ന പ്രതീക്ഷയാണ് സമര സമിതിക്കുള്ളത്.

Similar Posts