അരിപ്പ സമരഭൂമിയില്‍ കൃഷി നിരോധിച്ചു
|കഴിഞ്ഞ അഞ്ച് വർഷമായി കൃഷി നടത്തുന്ന സ്ഥലത്ത് നിരോധന ഉത്തരവിലൂടെ ഉപജീവന മാർഗം ഇല്ലാതാക്കി സമരം പരാജയപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമമെന്ന് സമര സമിതി പ്രവർത്തകര്‍ ആരോപിച്ചു.
കൃഷി ഉപജീവനമാർഗമാക്കിയിരുന്ന അരിപ്പ സമരഭൂമിയിൽ ജില്ല കലക്ടർ കൃഷി നിരോധിച്ചു. സമാധാന അന്തരീക്ഷം നിലനിർത്താനായാണ് കൃഷി നിരോധിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കൃഷി നടത്തുന്ന സ്ഥലത്ത് നിരോധന ഉത്തരവിലൂടെ ഉപജീവന മാർഗം ഇല്ലാതാക്കി സമരം പരാജയപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമമെന്ന് സമര സമിതി പ്രവർത്തകര്‍ ആരോപിച്ചു.
കഴിഞ്ഞ 16 ആം തീയതിയാണ് അരിപ്പ സമരഭൂമിയിൽ കൃഷി നിരോധിച്ച് ജില്ല കലക്ടർ ഉത്തരവ് ഇറക്കിയത്. റവന്യു ഭൂമിയിൽ വരുമാനേച്ഛയോടെ കൃഷി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും, സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാനുമാണ് കൃഷി നിരോധിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ വിധ്വംസക പ്രവർത്തനങ്ങൾ സ്ഥലത്ത് നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരവിനെതിരെ പ്രതിഷേധിക്കാനാണ് സമരക്കാരുടെ തീരുമാനം.
10 സെന്റ് ഭൂമി വാങ്ങി സമരം അവസാനിപ്പിക്കണമെന്ന കലക്ടറുടെ നിർദ്ദേശം അംഗീകരിക്കാത്തതിന്റെ പ്രതികാര നടപടിയായാണ് കൃഷി നിരോധിച്ചതെന്ന് അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യാൻ പറഞ്ഞു. 2012ല്‍ സമരം ആരംഭിച്ചത് മുതൽ പ്രദേശത്ത് സമരക്കാർ ഒന്നിച്ച് കൃഷി നടത്തി വരികയായിരുന്നു. കോളനികളിൽ നിന്ന് കൃഷി ഭൂമിയിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തി കൃഷി ഭൂമിയ്ക്ക് വേണ്ടിയാണ് അരിപ്പ ഭൂസമരം ആരംഭിച്ചത്.