ശരീരം പാതി തളര്‍ന്നിട്ടും ജീവിത വിജയം വെട്ടിപിടിച്ച് ആഷ്ല
|പാലിയം ഇന്ത്യ എന്ന തിരുവനന്തപുരത്തെ പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന്റെ എല്ലാമെല്ലാമാണ് ഇപ്പോള്‍ ഈ കണ്ണൂര്കാരി.
അപകടം നട്ടെല്ലിന് താഴെ തളര്‍ത്തിയെങ്കിലും തളരാത്ത മനസ്സിന്റെ ഉറപ്പില്‍ ഏറെ ദൂരം സഞ്ചരിക്കുകയാണ് ആഷ്ല റാണി. പാലിയേറ്റീവ് കെയര്‍ രംഗത്തെ ഇന്ത്യയിലെ തന്നെ ശ്രദ്ധേയ സാന്നിദ്ധ്യം. പാലിയം ഇന്ത്യ എന്ന തിരുവനന്തപുരത്തെ പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന്റെ എല്ലാമെല്ലാമാണ് ഇപ്പോള്‍ ഈ കണ്ണൂര്കാരി.
ചെന്നൈയിലെ ഐടി കമ്പനിയിലായിരുന്നു ജോലി. 2010 ഓഗസ്റ്റ് ഒന്നിന് ട്രെയിനില്‍ താഴെ വീണു. അരയ്ക്ക് കീഴ്പ്പോട്ട് പിന്നീടിന്നുവരെ അനക്കാന്‍ പറ്റിയിട്ടില്ല. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തില്‍ മനസ്സ് തളര്‍ന്നപ്പോഴാണ് പാലിയം ഇന്ത്യയെക്കുറിച്ച് കേട്ടത്. ആ കസേരയില്‍ അടങ്ങിക്കൂടി ഇരിക്കാന്‍ ഞാനില്ലെന്ന് പ്രഖ്യാപിച്ച് വീല്‍ച്ചെയറില്‍ മുറികള്‍ തോറും കയറിയിറങ്ങും.
മൂന്ന് വര്‍ഷം പരിശീലിച്ചാണ് തനിയെ എഴുന്നേറ്റിരിക്കാന്‍ പഠിച്ചത്. ശേഷി കുറഞ്ഞ വിരലുകള്‍ മടക്കി ടൈപ്പ് ചെയ്യും, ഫോണ്‍ വിളിക്കും. പാലിയം ഇന്ത്യയുടെ അന്തേവാസികളായ മരിച്ച് പോയവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഉണര്‍വ് ഗ്രൂപ്പിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സഹായം നല്കുന്ന കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ മുന്‍നിരയിലും ആഷ്ലിയെ കാണാം.