സക്കരിയ; അഥവാ നീതിനിഷേധത്തിന്റെ 9 വര്‍ഷങ്ങള്‍!
|വിചാരണ പോലുമില്ലാതെ യൌവ്വനം മുഴുവന്‍ അഴിക്കുള്ളിലാകുന്ന സക്കരിയയെ പോലുള്ള ചെറുപ്പത്തിന്, എന്നെങ്കിലുമൊരിക്കല്‍ നിരപരാധിയെന്ന 'സര്‍ട്ടിഫിക്കറ്റല്ലാതെ' ഈ രാജ്യത്തിന് മറ്റെന്താണ് നല്‍കാനാവുക?
9വര്‍ഷം സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വിചാരണ പോലുമില്ലാതെ യൌവ്വനം ഇരുമ്പഴികള്‍ക്കുള്ളിലായ ഒരു ചെറുപ്പക്കാരനുണ്ട് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍. പേര് സക്കരിയ. വീട്, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ പ്രായം 19 മാത്രം. തന്റെ 27ആം വയസിലും ഒരു തവണ വിചാരണ നേരിടാനുള്ള അവസരം പോലും ലഭിക്കാതെ ആ ചെറുപ്പക്കാരന് ഇന്നും ജയിലില്‍ തന്നെ കഴിയുന്നു. ഒരു രാജ്യവും ഭരണകൂടവും ഭീകരമൌനം പാലിക്കുന്ന ജനതയും ഒരു യുവാവിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയുടെ നേര്‍സാക്ഷ്യം.
ആരാണ് സക്കരിയ?
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റേയും ബീയുമ്മയുടേയും മകനാണ് സക്കരിയ. സക്കരിയയുടെ പത്താം വയസില്‍ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് സക്കരിയയെയും നാല് സഹോദരങ്ങളെയും വളര്‍ത്തിയത് ഉമ്മ ബീയുമ്മയായിരുന്നു. ബികോം വിദ്യാര്‍ഥിയായിരുന്ന സക്കരിയ വേഗത്തില്‍ ജോലി കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷത്തെ ഇലക്ട്രോണിക്സ് കോഴ്സിന് ചേര്‍ന്നത്. തുടര്‍ന്ന് ഇലക്ട്രോണിക്സ് പഠനം പൂര്‍ത്തിയാക്കിയ സക്കരിയ തിരൂരിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇവിടെ നിന്നും ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.
കേസും അറസ്റ്റും
2009 ഫെബ്രുവരി 5ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നാണ് സക്കരിയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിയില്‍ പ്രവേശിച്ച് നാലാം മാസമായിരുന്നു ഇത്. ബംഗളൂരു സ്ഫോടനത്തിനായി ട്രിമ്മർ ഉണ്ടാക്കാൻ സഹായിച്ചുവെന്നായിരുന്നു സക്കരിയക്കെതിരായ കേസ്. ബംഗളൂരു സ്ഫോടന കേസിലെ എട്ടാം ‘പ്രതിയായി’ ഭീകരനിയമമായ യുഎപിഎ പ്രകാരമാണ് സകരിയയെ അറസ്റ്റ് ചെയ്തത്.
ആദ്യം മുതല്‍ തന്നെ തീര്‍ത്തും ദുരൂഹമായ നടപടികളായിരുന്നു സക്കരിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഒരു അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും ഗൌനിക്കാതെയായിരുന്നു സക്കരിയയുടെ അറസ്റ്റ്. സാധാരണ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്യുക. എന്നാൽ സക്കരിയയുടെ കാര്യത്തില്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അറസ്റ്റിനു ശേഷം നാലാം ദിവസമാണ് സക്കരിയയുടെ വീട്ടിൽ വിവരമറിയുന്നത് പോലും. അതാകട്ടെ, അറസ്റ്റ് നടന്ന് നാല് ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയതിന്റെ ചാനല്‍ വാര്‍ത്തകളില്‍ നിന്നും.
തീര്‍ത്തും ആസൂത്രിതമായ പൊലീസ് നീക്കങ്ങള്‍ വീണ്ടും തുടര്‍ന്നു. വിവരങ്ങള്‍ പുറംലോകമറിഞ്ഞാല്‍ സക്കരിയയുടെ മോചനം സാധ്യമാവില്ലെന്നു തെറ്റിദ്ധരിപ്പിച്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മൂടിവെക്കുവാന്‍ വീട്ടുകാരെ നിര്‍ബന്ധിക്കുകയും ചെയ്തു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍
2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന് വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും പന്ത്രണ്ടാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മ്മിച്ച് നല്കി എന്നതാണ് സക്കരിയക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രണ്ട് സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം സാക്ഷിയായ നിസാമുദ്ദീന്‍ കന്നടയറിയാത്ത തന്നെ കര്‍ണാടക പൊലീസ് തെറ്റിദ്ധരിപ്പിച്ച് പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പിന്നീട് തുറന്നുപറഞ്ഞിരുന്നു. രണ്ടാം സാക്ഷിയായ ഹരിദാസ്, താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നും പറയുന്നു.
രണ്ടു സാക്ഷികളും സത്യം തുറന്നു പറഞ്ഞിട്ടും അതുപോലും അവഗണിക്കുകയാണ് ഇവിടുത്തെ നിയമസംവിധാനങ്ങള്‍. നിലവില്‍ കടുത്ത തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളുമായി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് സക്കരിയ.
9 വര്‍ഷത്തിനിടെ രണ്ട് തവണ വീട്ടിലേക്ക്
9 വര്‍ഷം നീണ്ട തടവറ ജീവിതത്തിനിടയില്‍ സക്കരിയ പുറംലോകം കണ്ടത് വെറും രണ്ട് തവണയാണ്. ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണക്കോടതി സക്കരിയക്ക് ആദ്യത്തെ ജാമ്യം അനുവദിച്ചത്. അതും രണ്ട് ദിവസത്തേക്ക്. ജ്യേഷ്ഠന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു അത്. പിന്നീട് 2016ല്‍ വീണ്ടും രണ്ടു ദിവസത്തെ ജാമ്യം. ആ സഹോദരന്റെ ദാരുണമായ മരണത്തെ തുടര്‍ന്ന്.
പ്രഹസനമാകുന്ന നീതി!
വൈക്കം മുഹമ്മദ് ബഷീറിന്റെ ഉമ്മയെക്കുറിച്ചുള്ള കഥയില്‍ വര്‍ഷങ്ങളായി നാടുവിട്ടുപോയ, എന്ന് തിരിച്ചുവരുമെന്നറിയാത്ത മകനുവേണ്ടി എന്നും ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന ഒരുമ്മയുണ്ട്. അതുപോലൊരു ഉമ്മ ഇവിടെ പരപ്പനങ്ങാടിയിലുമുണ്ട്. മകനെന്ന് മോചിതനായി വരുമെന്നറിയാതെ, മകനെയോര്‍ത്ത് നീറിക്കഴിയുന്ന ഒരു ഉമ്മ. എന്നെങ്കിലുമൊരിക്കല്‍ അവന് മോചിതനാകുമെന്ന പ്രതീക്ഷയില്‍ അവര്‍ നടത്തിയ പോരാട്ടം ചെറുതല്ല. എന്നാല്‍ ഭരണകൂടത്തിലുള്ള അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട അവര്‍ ഒടുക്കം പറഞ്ഞു, “എല്ലാ കോടതിക്കും മുകളിൽ അല്ലാഹുവിന്റെ കോടതിയുണ്ട്..!'' ഒരു രാജ്യവും ഭരണകൂടവും ജനതയുമെല്ലാം തോറ്റ് പോകുന്നത് ഇവിടെയാണ്.
വൈകി ലഭിക്കുന്ന നീതി നീതിനിഷേധമാകുമ്പോള്, ഈ ഉമ്മക്ക് ഇനിയുമെന്ത് മറുപടിയാണ് നല്‍കുക? വിചാരണ പോലുമില്ലാതെ യൌവ്വനം മുഴുവന്‍ അഴിക്കുള്ളിലാകുന്ന സക്കരിയയെ പോലുള്ള ചെറുപ്പത്തിന്, എന്നെങ്കിലുമൊരിക്കല്‍ നിരപരാധിയെന്ന 'സര്‍ട്ടിഫിക്കറ്റല്ലാതെ' ഈ രാജ്യത്തിന് മറ്റെന്താണ് നല്‍കാനാവുക? അവരുടെ യൌവ്വനത്തിന്, സ്വപ്നങ്ങള്‍ക്ക്, മരവിച്ചുപോയ മനസിന്.. മറ്റെന്തെങ്കിലും പകരം നല്കാനാവുമോ ഈ ഭരണകൂടത്തിന്?