സാഹിത്യവും ഇന്ത്യന്‍ ജീവിതവും ചര്‍ച്ച ചെയ്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
|ആദ്യദിനത്തില്‍ അരുന്ധതി റോയിയും കെ എസ് ഭഗവാനും വേദിയില്‍
സാഹിത്യമേഖലയും ഇന്ത്യന്‍ ജീവിതവും ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ സജീവ ചര്‍ച്ചയാക്കി കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ കെ എസ് ഭഗവാന്റെയും അരുന്ധതി റോയിയുടെയും വാക്കുകള്‍ കേള്‍ക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ജാതിസമ്പ്രദായത്തെ പിന്തുണച്ച ശ്രീരാമന്റെ പേരില്‍ എന്തിനാണ് ക്ഷേത്രമെന്ന് കെ എസ് ഭഗവാന് ചോദിച്ചു.
കേരളം സ്വന്തം വീടുപോലെയാണെന്ന് പറഞ്ഞായിരുന്നു എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയി പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തന്റെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസിനെ കുറിച്ചായിരുന്നു അരുന്ധതി ഒടുക്കം വരെ സംസാരിച്ചത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്ന നോവല്‍ പരാമര്‍ശിച്ചുകൊണ്ട് നിലപാടുകള്‍ തുറന്ന് പറഞ്ഞു .
ആവിഷ്കാര സ്വതന്ത്ര്യത്തിന് വെടിയേല്ക്കുമ്പോള് എന്ന സെഷനില്‍ കെ ആര് മീരയും കെ എസ് ഭഗവാനും പങ്കെടുത്തു. നിര്‍ഭയതയാണ് കവിക്ക് വേണ്ടതെന്ന് കവി സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. നാല് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രമുഖര്‍ പങ്കെടുക്കും.