Kerala
അസഹിഷ്ണുതയുടെ കാര്യത്തില്‍ ഹിന്ദു, മുസ്‍ലിം വര്‍ഗീയവാദികള്‍ തമ്മില്‍ ഒത്തുകളി; മാണിക്യ മലരിന് പിന്തുണയുമായി മുഖ്യമന്ത്രിഅസഹിഷ്ണുതയുടെ കാര്യത്തില്‍ ഹിന്ദു, മുസ്‍ലിം വര്‍ഗീയവാദികള്‍ തമ്മില്‍ ഒത്തുകളി; 'മാണിക്യ മലരി'ന് പിന്തുണയുമായി മുഖ്യമന്ത്രി
Kerala

അസഹിഷ്ണുതയുടെ കാര്യത്തില്‍ ഹിന്ദു, മുസ്‍ലിം വര്‍ഗീയവാദികള്‍ തമ്മില്‍ ഒത്തുകളി; 'മാണിക്യ മലരി'ന് പിന്തുണയുമായി മുഖ്യമന്ത്രി

Sithara
|
3 Jun 2018 2:28 AM GMT

മതമൗലികവാദികള്‍ അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും ഓര്‍മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണ് അഡാര്‍ ലവിലെ 'മാണിക്യമലരായ' എന്ന് തുടങ്ങുന്ന ഗാനത്തോടുള്ള എതിര്‍പ്പിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസഹിഷ്ണുത ഏത് ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്‍ലിം വര്‍ഗ്ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മതമൗലികവാദികള്‍ അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യന് ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പിഎംഎ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്‍റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്‍ലിം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Similar Posts