ആദിവാസി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയെടുത്ത് സ്വകാര്യ കോളേജ് ഉടമ മുങ്ങി
|അഗളിയില്‍ പ്രവര്‍ത്തിച്ചിരുന്ന നളന്ദ ട്രൈബല്‍ കോളേജ് ഉടമകളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസിനത്തില്‍ പിരിച്ച പണവുമായി കോളജ് അടച്ച് പൂട്ടി മുടങ്ങിയത്
അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയെടുത്ത് സ്വകാര്യ കോളേജ് ഉടമ മുങ്ങി. അഗളിയില്‍ പ്രവര്‍ത്തിച്ചിരുന്ന നളന്ദ ട്രൈബല്‍ കോളേജ് ഉടമകളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസിനത്തില്‍ പിരിച്ച പണവുമായി കോളജ് അടച്ച് പൂട്ടി മുടങ്ങിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കഴിഞ്ഞ ജൂണിലാണ് അട്ടപ്പാടി അഗളിയില്‍ നളന്ദ ട്രൈബല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. ടിടിസി, പാരാമെഡിക്കല്‍,നഴ്സിംഗ്,ഡിഎംഎല്‍എടി,ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങിയ കോഴ്സുകളിലായി മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍. ഫീസിനത്തില്‍ കുറഞ്ഞത് പന്ത്രണ്ടായിരം രൂപയെങ്കിലും ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും പെരിന്തല്‍മണ്ണ സ്വദേശികളായ കോളജ് ഉടമകള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് സ്ഥാപനം അടച്ച് പൂട്ടി ഉടമകള്‍ മുങ്ങി. പിരിച്ച പണം ഒരു രൂപ പോലും തിരിച്ചടക്കാതെ. കോളേജില്‍ പഠിച്ചിരുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികളുടെ പണം പൂര്‍ണ്ണമായും ഉടമകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്.
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോഴ്സിന് അംഗീകാരമുണ്ടെ്, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും തൊഴിലവസരങ്ങളും ലഭിക്കും തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി സമൂഹം ഏതൊക്കെ രീതിയില്‍ വഞ്ചിക്കപ്പെടുന്നു എന്നതിന്റെ ചെറിയ ഉദാഹരണമാണ് ഈ തട്ടിപ്പും നടപടി സ്വീകരിക്കാതെ നില്‍ക്കുന്ന പൊലീസ് അധികാരികളും.